തൃശൂര്‍: കുതിരാന്‍ തുരങ്കം തുറക്കാന്‍ ദേശീയ പാത അതോറിറ്റി അനുമതി നല്‍കി. തുരങ്കത്തില്‍ മണ്ണിടിച്ചില്‍ സാധ്യതയില്ലെന്ന് പരിശോധനക്ക് ശേഷം ദേശീയപാത അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. തുരങ്കത്തിലൂടെ ഗതാഗതത്തിന് തടസ്സമില്ലെന്നും അവര്‍ അറിയിച്ചു.
കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ആഗസ്തില്‍ തന്നെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി ഒരു ടണല്‍ തുറക്കുന്നതിന് വേണ്ടിയുള്ള മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ദേശീയപാതാ അതോറിറ്റി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ജോലികള്‍ വേഗത്തിലാണ് മുന്നോട്ട് പോകുന്നത്.