ഫാ. സ്റ്റാന്‍ സ്വാമി വര്‍ത്തമാനകാല നീതിനിഷേധത്തിന്റെ ഏറ്റവും വലിയ ഇര: അബ്ദുന്നാസിര്‍ മഅ്ദനി
ബെംഗളൂരു: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരിക്കെ മരണപ്പെട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമി വര്‍ത്തമാനകാല നീതിനിഷേധത്തിന്റെ ഏറ്റവും വലിയ ഇരയാണെന്ന് അബ്ദുന്നാസിര്‍ മഅ്ദനി. യുഎപിഎ എന്ന കരിനിയമം ചുമത്തപ്പെട്ടു ജയിലിലടയ്ക്കപ്പെട്ട അദ്ദേഹത്തിന് തൊട്ടടുത്ത സമയം വരെ ചികിത്സ പോലും നിഷേധിക്കപ്പെട്ടിരുന്നു.
കരിനിയമങ്ങളുടെ ഈ അവസാനത്തെ രക്തസാക്ഷിക്കു വേദനാപൂര്‍വം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു!!!. മഅ്ദനി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
എല്‍ഗാര്‍ പരിഷദ് കേസില്‍ പ്രതിയാക്കപ്പെട്ട മനുഷ്യാവകാശപ്രവര്‍ത്തകനും ജെസ്യുട്ട് പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി (83) ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജയിലില്‍ നിന്ന് ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്നു ഉച്ചയ്ക്ക 1.30ഓടെയാണ് അന്ത്യം.
സ്റ്റാന്‍ സ്വാമിക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് രാജ്യദ്രോഹ കുറ്റം ചുമത്തി എന്‍ഐഎ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്ന് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കവേ, അഭിഭാഷകനാണ് ഉച്ചയ്ക്ക് ഒന്നരയോടെ അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചതായി അറിയിച്ചത്. കൊവിഡ് ബാധിതനായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമി. പിന്നീട് രോഗം മാറിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു.
മെയ് 30 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. ജയിലില്‍ കഴിയവേ അദ്ദേഹത്തിന്‍െ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ബോംബെ ഹൈക്കോടതി ഇടപെട്ടാണ് സ്റ്റാന്‍ സ്വാമിക്ക് ചികിത്സ ഉറപ്പാക്കിയത്. ശനിയാഴ്ച അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ അദ്ദേഹം ഐസിയുവിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനോട് സ്റ്റാന്‍ സ്വാമിക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കത്ത് നല്‍കിയിരുന്നു. ഇതിനിടയിലാണ് ആരോഗ്യാവസ്ഥ വഷളായി അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.
മഅ്ദനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഫാദര്‍ സ്റ്റാന്‍
സാമിക്ക് വിട!!
പ്രമുഖ മനുഷ്യാവകാശ ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ഫാദര്‍ സ്റ്റാന്‍ സാമി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരിക്കെ മരണപ്പെട്ടു.
വര്‍ത്തമാനകാല നീതിനിഷേധത്തിന്റെ ഏറ്റവും വലിയ ഇരയാണ് സ്റ്റാന്‍സാമി.
UAPA എന്ന കരിനിയമം ചുമത്തപ്പെട്ടു ജയിലിലടയ്ക്കപ്പെട്ട അദ്ദേഹത്തിന് തൊട്ടടുത്ത സമയം വരെ ചികിത്സ പോലും നിഷേധിക്കപ്പെട്ടിരുന്നു.
കരിനിയമങ്ങളുടെ ഈ അവസാനത്തെ രക്തസാക്ഷിക്കു വേദനാപൂര്‍വം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു!!!.

