പിഎസ്‌സി അംഗ പദവി 40 ലക്ഷം രൂപയ്ക്ക് വിറ്റെന്ന് ആരോപിച്ച ഇസി മുഹമ്മദിനെ ഐഎന്‍എല്‍ പുറത്താക്കി
കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇസി മുഹമ്മദിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനാണ് നടപടിയെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ദേശീയ നേതൃത്വമാണ് നടപടി സ്വീകരിച്ചത്.
പിഎസ്‌സി അംഗ പദവി ഐഎന്‍എല്‍ നേതൃത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെന്ന് കഴിഞ്ഞദിവസം ഇസി മുഹമ്മദ് ആരോപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരം കോഴ നേതാക്കള്‍ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. കാസിം ഇരിക്കൂര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നത്. പാര്‍ട്ടിയുടെ പിഎസ്സി അംഗത്വത്തെ വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമായി കാസിം ഇരിക്കൂറും സംഘവും കണ്ടെന്നായിരുന്നു ഇസി മുഹമ്മദിന്റെ പ്രധാനആരോപണം.
എന്നാല്‍ പിഎസ്‌സി കോഴ ആരോപണം ഉന്നയിച്ച ആള്‍ക്ക് ഐഎന്‍എല്ലിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന പരിഹാസമായിരുന്നു കാസിം ഇരിക്കൂറിന്റെ മറുപടി. കോഴ ആരോപണത്തിന് പിന്നില്‍ കളിച്ചത് മുസ്‌ലിം ലീഗാണെന്നാണും ഐഎന്‍എല്‍ നേതാക്കള്‍ പ്രതികരിച്ചിരുന്നു.