സ്വര്‍ണക്കടത്ത് സംഘത്തിലെ യുവാവിന് മര്‍ദനം; മുസ്‌ലിം ലീഗ് ക്വട്ടേഷന്‍ സംഘത്തെ വെളളപൂശുന്നു: എസ്ഡിപിഐ
ഇരിട്ടി: സ്വര്‍ണക്കടത്ത്- ക്വട്ടഷന്‍
സംഘത്തിലെ യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ മുസ്‌ലിം ലീഗ് ക്വട്ടേഷന്‍ സംഘത്തെ വെളളപൂശുകയാണെന്ന് എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി. ഇരിട്ടിയില്‍ ആഴ്ചകള്‍ക്ക് മുമ്പ് ആസിഫലി എന്ന യുവാവിന് മര്‍ദനമേറ്റ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സ്വകാര്യ ചാനലില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് ഇല്ലാക്കഥകള്‍ മെനഞ്ഞ് എസ്.ഡി.പി.ഐയെ താറടിക്കാനും, അവമതിക്കാനുമുളള ലീഗിലെ ചില തല്പര കക്ഷികളുടെ ശ്രമം വിലപ്പോവില്ല. ആസിഫ് അലി എന്ന വ്യക്തിയെ വളരെ മുമ്പ് എസ്.ഡി.പി.ഐയില്‍ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയതാണെന്ന് ചാനൽ വാര്‍ത്തകളില്‍ നിന്ന് തന്നെ വ്യക്തമാണ്. ആസിഫ് അലി പറയുന്നത് സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതാണ് അക്രമത്തിന് കാരണമെന്നാണ്. ഇത് സിപിഎം നേതൃത്വം തളളിക്കളയുകയും ചെയ്യുന്നു. സമൂഹത്തെ വഴിതെറ്റിക്കുന്ന ക്വട്ടേഷന്‍- മാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിക്കുകയും അതുവഴി സ്വര്‍ണക്കടത്ത് നടത്തുകയും ചെയ്യുന്ന ആസിഫ് അലിയെ പോലുളള വ്യക്തികളെ ഒറ്റപ്പെടുത്തുകയും അത്തരം സംഘങ്ങളെ ജനകീയമായി ചെറുക്കുകയുമാണ് എസ്.ഡി.പി.ഐ ചെയ്തിട്ടുളളത്. ഇത്തരം ക്രിമിനല്‍ സംഘങ്ങളോടുളള എസ്.ഡി.പി.ഐയുടെ നിലപാട് കൃത്യമാണ്. ഇരിട്ടി മേഖലയില്‍ സ്വര്‍ണ്ണക്കടത്ത് -ക്വട്ടേഷന്‍, ലഹരി, വെണ്‍വാണിഭം തുടങ്ങിയ അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ചേര്‍ത്ത് നിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് മുസ്‌ലിം ലീഗ് കാലങ്ങളായി സ്വീകരിക്കാറുളളത്. ഇത്തരം മാഫിയ സംഘങ്ങളുടെ തലപ്പത്ത് ലീഗിന്‍റേയും, ബിജെപിയുടേയും, സിപിഎമ്മിന്‍റേയും പ്രവര്‍ത്തകരടക്കം ഉണ്ട് എന്ന പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് നേതൃത്വം മനസ്സിലാക്കണം. പൊതുസമൂഹത്തെ ബാധിക്കുന്ന ഈ വിപത്തിനെ ഒറ്റക്കെട്ടായി നേരിടുന്നതിന് പകരം വിലകുറഞ്ഞ കളളപ്രചരണങ്ങളിലൂടെ എസ്.ഡി.പി.ഐയെ കരിവാരിത്തേച്ച് നേട്ടമുണ്ടാക്കാം എന്ന മുസ്‌ലിം ലീഗിന്‍റെ മിഥ്യാധാരണ പൊതു ജനം തിരിച്ചറിയുന്നുണ്ട്. സാമൂഹിക ദ്രോഹികളെ സംരക്ഷിക്കുന്ന മുസ്‌ലിം ലീഗിന്‍റെ നിലപാട് സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ക്വട്ടേഷന്‍ സംഘങ്ങളെ രാഷ്ട്രീയം നോക്കാതെ ജനകീയമായി പാര്‍ട്ടി ചെറുത്തു തോല്‍പിക്കുമെന്നും എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി പ്രസ്ഥാവനയില്‍ പറഞ്ഞു.