അരീക്കോട്: മഴക്കെടുതിയെ പ്രതിരോധിക്കാൻ അഗ്നിരക്ഷാ സേനാ വിഭാഗവും സിവിൽ ഡിഫൻസ് വളണ്ടിയർമാരും അപകട സാധ്യതാ മേഖലകളിൽ പരിശോധന നടത്തി. എടവണ്ണ, ഊർങ്ങാട്ടിരി പഞ്ചായത്തുകളിലുൾപ്പെടുന്ന വിവിധ പ്രദേശങ്ങൾ സംഘം സന്ദർശിച്ചു. പ്രദേശത്ത് താത്കാലിക ബേസ് ക്യാമ്പ് ആരംഭിക്കാൻ ധാരണയായി.
അഗ്നിരക്ഷാ സേനാ ഡയറക്ടർ ജനറലിന്റെ നിർദ്ദേശപ്രകാരം തിരുവാലി, മഞ്ചേരി അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് വളണ്ടിയർമാരും ചേർന്നാണ് പരിശോധനകൾ നടത്തിയത്. അപകട സാധ്യത മേഖലയിലെ പാലങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ, ജലാശയങ്ങൾ തുടങ്ങിയവ സംഘം സന്ദർശിച്ചു.
എടവണ്ണ പഞ്ചായത്തിലെ ചാത്തല്ലൂർ ചോലാർ മല, ഊർങ്ങാട്ടിരിയുടെയും എടവണ്ണയുടെയും ഭാഗമായ ചെക്കുന്നൻമല, മലയുടെ താഴ് വാരങ്ങളും, ഊർങ്ങാട്ടിരി പഞ്ചായത്തിലെ വെറ്റിലപാറ ഓടക്കയം എന്നിവിടങ്ങളിലെ നിലവിലെ സ്ഥിതിഗതികൾ സംഘം വിലയിരുത്തി. ഇതോടൊപ്പം 2018ൽ ഉരുൾപൊട്ടി ഏഴ് പേർ മരിക്കാനിടയായ ഓടക്കയം പ്രദേശവും സംഘം സന്ദർശിച്ചു.
മഞ്ചേരി, തിരുവാലി നിലയങ്ങളിലെ എ എസ് ടി ഓമാരായ പ്രദീപ് പാമ്പലത്ത്, മുനവ്വർ സമാൻ, എഫ് ആർ ഓ ഹബീബ് റഹ്മാൻ, പോസ്റ്റ് വാർഡൻ അബ്ദുൽമുനീർ, സിവിൽ ഡിഫെൻസ് അംഗം ശരീഫ് തെഞ്ചേരി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. ഇവരോടൊപ്പം എടവണ്ണ - ഊർങ്ങാട്ടീരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹംന അലിഅക്‌ബർ, കെ ടി അൻവർ, ദീപ രജിദാസ്, ജിനേഷ്, ബഷീർ എന്നിവരും പങ്കാളികളായി.
മഴകെടുതികളുണ്ടായാൽ അടിയന്തിര സഹായം ജനങ്ങളിലെത്തിക്കാൻ എടവണ്ണപ്പാറ, ഊർങ്ങാട്ടിരി പ്രദേശത്തു താത്കാലിക ഫയർ യൂണിറ്റിന്റെ ബേസ് ക്യാമ്പ് ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതോടൊപ്പം സിവിൽ ഡിഫൻസിന്റെ സേവനം 24 മണിക്കൂറും ലഭ്യമാവുമെന്നും അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ അപകട സാധ്യതാ മേഖലകളിൽ നിരീക്ഷണം നടത്തും.
