ജീവനക്കാരിയുടെ ഭർത്താവിനെ മർദിച്ച സംഭവം: ജില്ല കലക്ടറുടെ നേരിട്ടിടപെടൽ

Update: 2021-05-24 09:03 GMT

മലപ്പുറം: താലൂക്ക് ഓഫീസ് ജീവനക്കാരിയെ യാത്രയാക്കാൻ ചെന്ന ഭർത്താവിനെ ആക്രമിച്ച സംഭവത്തിൽ ജില്ല കലക്ടറുടെ നേരിട്ടിടപെടൽ.

ഇന്നലെ രാവിലെയാണ് സംഭവം. തിരൂരങ്ങാടി താലൂക്ക് ജീവനക്കാരിയായ ലേഖയെ യാത്രയാക്കാൻ വന്ന ഭർത്താവ് പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി പ്രമോദിനെ പരപ്പനങ്ങാടി സി.ഐ മർദിക്കുകയും, മൊബെൽ ഫോൺ പിടിച്ച് കൊണ്ടുപോവുകയും ചെയ്ത സംഭവത്തിലെ നിജസ്ഥിതികൾ നേരിട്ട് മനസ്സിലാക്കാൻ പരാതിക്കാരായ ജീവനക്കാരിയേയും, ഭർത്താവിനേയും ഈ സംഭവത്തിൽ ഇടപെട്ട് അപമാനിക്കപ്പെട്ട ഉദ്യോഗസ്ഥരേയും നേരിട്ട് മലപ്പുറത്ത് കളക്ട്രേറ്റിൽ ജില്ല കളക്ടർ വിളിച്ച് വരുത്തി മൊഴിയെടുത്തു.

ഇന്ന് രാവിലെ 9 മണിക്കാണ് മലപ്പുറത്ത് ജില്ല കളക്ടർ പരാതിക്കാരെ വിളിച്ചു വരുത്തിയത്.

വിജനമായ സ്ഥലത്ത് താലൂക്ക് ഓഫീസിൽ നിന്ന് ഭാര്യയെ കൊണ്ട് പോവാൻ വാഹനത്തിൽ യാത്രയാക്കാൻ വന്ന തന്നെ ചോദ്യമൊന്നുമില്ലാതെ പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് അടിക്കുകയായിരുന്നുവെന്ന് പ്രമോദ് പരാതിയിൽ പറയുന്നു.

പിന്നീട് മൊബൈൽ കൊണ്ട് പോവുകയും, രാവിലെ 9 മണിക്ക് ഉണ്ടായ സംഭവം വിവാദമായതോടെ 11 മണിക്ക് ശേഷം തനിക്കെതിരെ വലിയ വകുപ്പുകൾ ചാർത്തി കേസ്സെടുക്കുകയായിരുന്നു.

തൻ്റെ നിരപരാധിത്വം തെളിയിക്കാൻ ഇടപെട്ട തഹസിൽദാർ അടക്കമുള്ളവരോട് പോലീസിനെ നിയന്ത്രിക്കുന്നത് കളക്ടർ അല്ല എന്ന ഭീഷണിയാണ് സി.ഐ ഉയർത്തിയതെന്നും പ്രമോദ് പറയുന്നു.ഇത്തരത്തിൽ നാട്ടുകാരേയും മറ്റും മർദിച്ച സംഭവങ്ങളിൽ സി.ഐ. ഹണി കെ ദാസിനെതിരെ വലിയ പരാതികളാണ് നിലവിലുള്ളത്. അക്രമങ്ങളുടെ പേരിൽ നിരവധി തവണ സസ്പെൻഷനുകൾ ഈ ഉദ്യോഗസ്ഥനെതിരെ ഉണ്ടായിട്ടുണ്ട്.

പരപ്പനങ്ങാടിയിൽ ചാർജെടുത്തതിന് ശേഷം പലരേയും മർദിച്ച പരാതികൾ ഉണ്ടായിട്ടും യാതൊരു നടപടിയും ഇല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

വള്ളികുന്നിൽ ദലിത് വിഭാഗത്തിൽ പെട്ട കിഷോറെന്ന യുവാവിനെ ആക്രമിച്ചത്, പരപ്പനങ്ങാടിയിൽ പൊതുപ്രവർത്തകനെ അപമാനിച്ചത് ,പ്രതിയെ പിടിക്കാനെത്തി വീട്ടിൽ അതിക്രമം നടത്തിയത്, ചെട്ടി പടിയിൽ വാടകക്വാർടേഴ്സിലെ ദമ്പതികളെ ആക്രമിച്ചത്, പുത്തരിക്കലിൽ ബൈക്ക് യാത്രക്കാരെ മർദിച്ചത്, വള്ളിക്കുന്ന് ജംഗ്ഷനിൽ വളം വില്പനക്കാരനെ മർദിച്ച് എല്ല് പൊട്ടിച്ചത് തുടങ്ങിയ സംഭവങ്ങൾ നിരവധിയാണ്.

എന്നാൽ ഇത്തരം സംഭവങ്ങളിലൊക്കെ ഇദ്ദേഹത്തെ രക്ഷപ്പെടുത്താനെത്തുന്നത് ചില രാഷ്ട്രീയക്കാരാണ്.

അവസാനം വള്ളിക്കുന്നിലെ വളം ഡിപ്പൊക്കാരൻ്റെ പരാതി ഇല്ലാതാക്കി സഹായിച്ചത് വള്ളിക്കുന്നിലെ ബി.ജെ.പിക്കാരാണങ്കിൽ, പല കേസിലും ഭരണതലത്തിൽ സഹായിക്കുന്നത് വള്ളിക്കുന്നിലെ പഴയ എസ്.എഫ്.ഐ നേതാവാണത്രെ.

ഇയാൾ പഴയ മാധ്യമ പ്രവർത്തകൻ കൂടിയാണ്.

മാത്രമല്ല ദളിതനായ കിഷോറിനെ ആക്രമിച്ച കേസിൽ അന്യേഷണം നടത്തിയ തിരൂർ ഡിവൈഎസ്പി - സിഐ ക്കെതിരെയുള്ള സംഭവങ്ങൾ യഥാർത്ഥമാണന്ന റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.

ഇത് ചില ഉന്നത ഉദ്യോഗസ്ഥരുടെ സമർദ്ധം കാരണം നടപടിയെടുക്കാൻ സാധിച്ചിട്ടില്ല.

ഇപ്പോൾ പുതിയതായി നിലവിൽ വന്ന താനൂർ ഡിവൈഎസ്പിക്ക് അന്യേഷണ റിപ്പോർട്ട് നൽകിയിട്ട് മാസങ്ങളായെങ്കിലും ഇത് പൊടിപിടിച്ച് കിടപ്പാണ്.

ഇത്രയും അക്രമ സ്വഭാവങ്ങൾ ഔദ്യോഗിക ജീവിതത്തിൽ ഉള്ള ഈ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി അടക്കം നടപടിയെടുത്തിട്ടും ഉദ്യോഗ തലത്തിൽ തുടരുന്നത് ദുരൂഹമാണ്.

ജീവനക്കാരിയുടെ ഭർത്താവിനെ ആക്രമിച്ച സംഭവത്തിലും സമാന രീതി തന്നെയാണ് ഇയാൾക്കെതിരെ ഉദ്യോഗസ്ഥർ സ്വീകരിക്കുക എന്നത് തന്നെയാണ് സംഭവിക്കുക. ഇത്തരം സൂചനയാണ് പുറത്ത് വരുന്നത്.

എല്ലായ്പ്പോഴും രക്ഷക്കെത്തുന്ന വള്ളിക്കുന്നിലെ പ്രമുഖൻ ഇതിനോടകം പലരേയും സമ്മർദ്ദത്തിലാക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നുണ്ടന്ന് പറയപെടുന്നു.

ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ സംഭവത്തെ ഔദ്യോഗിക ജോലിയുടെ ഭാഗമാണന്ന തരത്തിലാണ് മലപ്പുറം എസ്.പി.സംഭവത്തെ നിസ്സാരവത്കരിച്ച് റിപ്പോർട്ട് കൊടുത്തിരിക്കുന്നത്.

സി.ഐക്ക് വേണ്ടി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളുടെ ഇടപെടലുകളാണ് ഇത്തരം സംഭവങ്ങളിലൂടെ സൂചിപ്പിക്കുന്നത്.

Similar News