പ്രഭാത സവാരിയും വികസന ചര്‍ച്ചയും: ആവേശമായി 'ഗുഡ് മോണിംഗ് ബേപ്പൂര്‍'

Update: 2021-03-28 05:24 GMT

കോഴിക്കോട്: ഹലോ, ഗുഡ് മോണിംഗ് ബേപ്പൂര്‍.. ഇത് ബേപ്പൂരിന്റെ സ്വന്തം പുലിമുട്ട്.. ആരോഗ്യത്തിനുവേണ്ടി അല്‍പം നടക്കാനും കൂട്ടത്തില്‍ കുറച്ച് സൊറ പറയാനും പറ്റിയയിടം.

ഇന്ന് എവിടുത്തേയും പോലെ ഇവിടെയും പ്രധാന ചര്‍ച്ചാ വിഷയം തിരഞ്ഞെടുപ്പ് തന്നെ. വികസന വിഷയത്തിന് ഊന്നല്‍ നല്‍കാന്‍ നിയാസ് വക്കീലും അതിരാവിലെ പുലിമുട്ടിലെത്തി.

ഒന്ന് നടക്കാനും അതിരാവിലെ തന്നെ തോണിയുമായി കടലിലേക്ക് ഇറങ്ങുന്നവരെ കാണാനുമായാണ് ബേപ്പൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.എം നിയാസ് പുലിമൂട്ടില്‍ എത്തിയത്.

ബേപ്പൂര്‍ മുജാഹിദ് പള്ളിയില്‍ നിന്ന് സുബ്ഹി നമസ്‌കാരവും കഴിഞ്ഞ് നിയാസ് നേരെ എത്തിയത് പുലിമൂട്ടിലേക്ക്. സ്ഥാനാര്‍ത്ഥിയെ ആദ്യം ആരും തിരിച്ചറിഞ്ഞില്ലെങ്കിലും നേരം വെളുത്ത് തുടങ്ങിയതോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിക്കാനും സെല്‍ഫിയെടുക്കാനും ആളുകളുടെ നിര തന്നെയെത്തി. നടത്തം നിര്‍ത്തി ഇരുന്നതോടെ ചുറ്റിലും ആളുകളും ബേപ്പൂരിന്റെ വികസനചര്‍ച്ചകളുമായി സജീവമായി. വെയിറ്റ് ബ്രിഡ്ജായി പഴയ കാലത്ത് ഉപയോഗിച്ച ഓടിട്ട കെട്ടിടത്തിന്റെ പണി നിര്‍ത്തിവെച്ചതു മുതല്‍ ബേപ്പൂര്‍ തുറമുഖത്തിലേക്ക് കടന്നപ്പോഴേക്കും ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ച് കഴിഞ്ഞിരുന്നു.

Similar News