ക്ഷേത്രം കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

Update: 2021-03-27 02:05 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ക്ഷേത്രം കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. വെളളറട കത്തിപ്പാറ ശിവപുരം ക്ഷേത്രത്തിലാണ് മോഷണം നടന്നത്. സംഭവത്തില്‍ വെള്ളറട പോലിസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ രാത്രിയാണ് സംഭവം. ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഭക്തര്‍ നേര്‍ച്ചയായി നല്‍കിയിരുന്ന മൂന്നു മാല, സ്വര്‍ണ പൊട്ടുകള്‍, താലി തുടങ്ങി എട്ട് പവന്റെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. കൂടാതെ ഒരു വെങ്കല ഉരുളിയും, അഞ്ച് നിലവിളക്കുകളും അയ്യായിരം രൂപയും നഷ്ടമായിട്ടുണ്ട്.

പൂജയ്ക്കായി രാവിലെ ക്ഷേത്രം തുറന്നപ്പോള്‍ ആണ് മോഷണ വിവരം അറിഞ്ഞത്. ശ്രീകോവിലും തുറന്ന നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം പ്രദേശത്ത് ബിജു എന്നയാളുടെ വീട്ടിലും മോഷണം നടന്നിരുന്നു. വീട് കുത്തിത്തുറന്ന് പത്ത് പവന്റെ ആഭരണങ്ങളായിരുന്നു കവര്‍ന്നത്.

Similar News