ലോക്ക് ഡൗണ്‍: ചരക്കുനീക്കം സുഗമമാക്കാന്‍ റെയില്‍വേ 58 റൂട്ടുകളില്‍ 109 ചരക്കുവണ്ടികള്‍ ഓടിക്കും

Update: 2020-04-09 07:27 GMT

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് വിതരണശൃംഘല സുഗമമാക്കാന്‍ റെയില്‍വേ പുതിയ പാര്‍സല്‍ വണ്ടികള്‍ ഏര്‍പ്പെടുത്തുന്നു. 58 റൂട്ടുകളില് 109 ട്രെയിനുകളാണ് ഓടിക്കുക. അവശ്യവസ്തുക്കളും മറ്റ് സാധനങ്ങളും ഈ വണ്ടികളില്‍ രാജ്യത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിലെത്തിക്കും. ലോക്ക് ഡൗണില്‍ ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് റെയില്‍വേ പുതിയ വണ്ടികള്‍ ഏര്‍പ്പെടുത്തുന്നത്. രാജ്യത്തെ ഇ കൊമേഴ്‌സ് കമ്പനികള്‍ക്കും മറ്റ് വ്യവസായ, കാര്‍ഷിക മേഖലാ കമ്പനികള്‍ക്കും തങ്ങളുടെ വിഭവങ്ങള്‍ ഈ സൗകര്യമുപയോഗിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാന്‍ കഴിയും.

ഏപ്രില്‍ 5 വരെ 27 റൂട്ടുകളിലാണ് റെയില്‍വേ ട്രയിന്‍ ഓടിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതില്‍ 17 എണ്ണം റഗുലര്‍ സര്‍വീസാണ്. മറ്റുള്ളവ പുതിയതായി ഏര്‍പ്പെടുത്തിയവയും.

നിലവിലുള്ളതിനു പുറമേ 40 റൂട്ടുകള്‍ കൂടെ നോട്ടിഫൈ ചെയ്തിട്ടുണ്ട്. ഉപഭോക്കാക്കള്‍ക്ക് ഈ വണ്ടികളിലും സാധനങ്ങള്‍ ബുക്ക് ചെയ്ത് അയക്കാന്‍ കഴിയും.

ഭോപാല്‍, അല്ലഹബാദ്, ഡറാഡൂണ്‍, അഹമ്മദാബാദ്, വിശാഖപ്പട്ടണം, തിരുവനന്തപുരം തുടങ്ങി നിരവധി പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പുതുതായി നോട്ടിഫൈ ചെയ്ത പാര്‍സല്‍ സര്‍വീസ്. പാല് പോലെ ചില ഉല്പന്നങ്ങള്‍ക്കു മാത്രമായും വണ്ടി ഓടിപ്പിക്കും.

Similar News