യു പ്രതിഭ എംഎല്‍എ മാപ്പു പറയണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

Update: 2020-04-04 08:37 GMT

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വിലകുറഞ്ഞ പരാമര്‍ശം നടത്തിയ കായംകുളം എംഎല്‍എ യു പ്രതിഭ അവ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. നേതൃപദവികളിലിരിക്കുന്നവരുടെ പ്രവൃത്തികള്‍ സ്വാഭാവികമായും പൊതുസമൂഹം ചര്‍ച്ച ചെയ്യുമെന്നും അതിനോട് പ്രതികരിക്കേണ്ടത് ഈ രീതിയിലല്ലെന്നും യൂണിയന്‍ ഓര്‍മിപ്പിച്ചു.

തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ടെന്നും അവരുടെ കാല്‍ കഴുകി വെള്ളം കുടിക്കാനുമാണ് എംഎല്‍എയുടെ പരിഹാസം.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എംഎല്‍എയും പ്രദേശിക ഡിവൈഎഫ്‌ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെയാണ് മാധ്യമ പ്രവര്‍ത്തകരെ ഒന്നടങ്കം അപമാനിക്കുന്ന വിവാദ പരാമര്‍ശവുമായി പ്രതിഭ രംഗത്തെത്തിയത്.

ഇത്തരം പരാമര്‍ശങ്ങള്‍ അപലപനീയമാണെന്നും മാധ്യമപ്രവര്‍ത്തകരോടുള്ള വെല്ലുവിളിയാണെന്നും യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ പറഞ്ഞു.

Similar News