കുടിയേറ്റത്തൊഴിലാളികള്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്ന് സഹായം നല്‍കുമെന്ന് അമിത് ഷാ

Update: 2020-03-28 12:28 GMT

ന്യൂഡല്‍ഹി: ലോക് ഡൗണിന്റെ ഭാഗമായി രാജ്യത്ത് വിവിധ ഇടങ്ങളില്‍ ഭക്ഷണവും മറ്റ് സൗകര്യവുമില്ലാതെ ദുരിതമനുഭവിക്കുന്ന രാജ്യത്താകമാനമുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ പണം വിനിയോഗിച്ച് സഹായം നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികളുടെ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്രം വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ടത്. ഇത്തരം തൊഴിലാളികള്‍ക്ക് ഭക്ഷണം, താല്‍ക്കാലിക താമസസൗകര്യം, ചികില്‍സാ സൗകര്യം എന്നിവയും ഉറപ്പാക്കും.

''കൊവിഡ 19 പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍ രാജ്യത്താകമാനമുള്ള ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും ഭക്ഷണവും താല്‍ക്കാലിക താമസസൗകര്യവും ഭക്ഷണവും ചികില്‍സാ സൗകര്യവും ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ഭവനരഹിത തൊഴിലാളികള്‍ക്കും ഇത് ബാധകമാവും. അതിനുള്ള പണം സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്ന് എടുക്കാവുന്നതാണ്'' അമിത് ഷാ ട്വീറ്റ് ചെയ്തു.

കൊവിഡ് വൈറസ് ബാധ രാജ്യത്ത് ഗുരുതരമായ സാഹചര്യത്തിലാണ് കേന്ദ്രം രാജ്യത്താകമാനം 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. 

Similar News