പുതിയ ബസ്സ്റ്റാന്‍ഡ് സമുച്ചയ വികസനം; പെരിന്തല്‍മണ്ണ നഗരസഭ വീണ്ടും വായ്പയെടുക്കുന്നു

Update: 2021-10-21 04:06 GMT

പെരിന്തല്‍മണ്ണ: നഗരസഭ നിര്‍മിച്ച മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 

നിലവില്‍ പെരിന്തല്‍മണ്ണയിലെ സഹകരണ ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് 10 കോടി രൂപ വായ്പയെടുത്തിരുന്നത്. മുന്‍പ് അന്നത്തെ സ്ഥലത്തിന്റെ ഈടിലായിരുന്നു വായ്പ. ഇപ്പോള്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടമായതോടെ ഇതിന്റെ ഈടില്‍ കൂടുതല്‍ തുക വായ്പ ലഭിക്കും. 

കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ തുക വായ്പ ലഭിച്ചാല്‍ മുകള്‍ നിലകളടക്കമുള്ള രണ്ടാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്ന് നഗരസഭാധ്യക്ഷന്‍ പറഞ്ഞു. പലിശ കുറഞ്ഞ് വായ്പ ലഭിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളെയാണ് സമീപിക്കുക. നിര്‍മാണം പൂര്‍ത്തിയായ ഭാഗത്തിന്റെ തുക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമുച്ചയ കരാറുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

തുടര്‍ന്ന് ഒന്‍പതു കോടിയിലേറെ രൂപ ഒരു മാസത്തിനകം നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഒന്നേകാല്‍ കോടി രൂപ പിന്നീട് കരാറുകാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ കമ്പോള വിലയ്ക്ക് അനുസൃതമായി കൂടുതല്‍ തുക വായ്പയെടുത്ത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ശ്രമം തുടങ്ങിയത്. യോഗത്തില്‍ നഗരസഭാധ്യക്ഷന്‍ പി. ഷാജി അധ്യക്ഷത വഹിച്ചു. 

Tags:    

Similar News