മുസ്‌ലിം ന്യൂനപക്ഷം അവഗണിക്കപ്പെടുന്നത് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി: ശശി തരൂര്‍

Update: 2022-11-21 02:31 GMT

കോഴിക്കോട്: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ന്യൂനപക്ഷ താല്‍പ്പര്യങ്ങള്‍ രാജ്യത്ത് അവഗണിക്കപ്പെടുന്നതാണെന്ന് ഡോ.ശശി തരൂര്‍ എംപി. ഭരിക്കുന്ന കക്ഷിക്ക് ഒരൊറ്റ മുസ്‌ലിം ജനപ്രതിനിധിയുമില്ല എന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെമിനാറില്‍ 'ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം ന്യൂനപക്ഷത്തെ ഈ രാജ്യത്തിന് ആവശ്യമില്ലെന്ന് ബിജെപി പറയാതെ പറയുകയാണ് ഈ നടപടിയിലൂടെ ചെയ്തത്. ഇത് ഭരണഘടനയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. അഭയാര്‍ഥി മുസ്‌ലിമാണെങ്കില്‍ പൗരത്വം നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് ഈ രാജ്യത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയായിരുന്നു. വ്യക്തിയോടുള്ള രാജ്യത്തിന്റെ പരിഗണന മതമാണ് എന്നത് നിര്‍ഭാഗ്യകരമാണ്. ഭരണഘടന എല്ലാ വ്യക്തിക്കും ഒരേ പരിഗണനയാണ് ഉറപ്പുതരുന്നത്. ബുള്‍ഡോസര്‍ കൊണ്ടുപോയി ഒരുവിഭാഗത്തിന്റെ കെട്ടിടങ്ങളും വീടുകളും തകര്‍ത്തത് നാം കണ്ടു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നില്ല. ഭരണഘടനയനുസരിച്ച് രാജ്യത്ത് സാഹോദര്യം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അത് ഭരിക്കുന്നവരുടെ പ്രധാന ചുമതലയാണെന്നും തരൂര്‍ പറഞ്ഞു.

രാജ്യത്ത് കോടതി പോലെ സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളില്‍ പോലും സര്‍ക്കാരിന്റെ ആളുകളെ കുടിയിരുത്തി സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായി മാത്രം പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് സാഹചര്യങ്ങളെ മാറ്റി. യുഎപിഎ നിലവില്‍ വന്ന ശേഷം സര്‍ക്കാരിന് ആരെയും ഭീകരവാദിയാക്കാവുന്ന അവസ്ഥയാണ്. ഇതെല്ലാം ചോദ്യം ചെയ്യപ്പെടണം. പാര്‍ലമെന്റില്‍ സംവാദങ്ങള്‍ക്ക് അവസരം നിഷേധിക്കുകയാണ് മോദി സര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളില്‍ വരാന്‍ പോവുന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച് ജനങ്ങളുടെ വിശ്വാസ്യത നേടാന്‍ കോണ്‍ഗ്രസിന് സാധിക്കണം. എന്നാലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വിജയം വരിക്കാന്‍ സാധിക്കൂ എന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News