ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടുപോയ സംഭവം; ദേശീയ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
പള്ളിക്കുന്നിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനായി ബന്ധുക്കള്‍ എത്തിയപ്പോഴാണ് ആശുപത്രി ആംബുലന്‍സ് മറ്റൊരു ഓട്ടം പോയിരിക്കുകയാണെന്ന വിവരം ലഭിച്ചത്.
ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് കിട്ടാത്തതിനാല്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടുപോവേണ്ടി വന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേസ് രജിസ്റ്റര്‍ ചെയ്തു. ദില്ലി സ്വദേശി വിപിന്റെ പരാതിയിലാണ് കേസെടുത്തത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഏലപ്പാറ സ്വദേശിയായ രാജുവിന്റെ മൃതദേഹമാണ് പിക്കപ്പ് വാനില്‍ വീട്ടിലേക്ക് കൊണ്ടുപോവേണ്ടി വന്നത്.
കഴിഞ്ഞ മാസമായിരുന്നു സംഭവം. പള്ളിക്കുന്നിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനായി ബന്ധുക്കള്‍ എത്തിയപ്പോഴാണ് ആശുപത്രി ആംബുലന്‍സ് മറ്റൊരു ഓട്ടം പോയിരിക്കുകയാണെന്ന വിവരം ലഭിച്ചത്. സമീപത്തെ ആശുപത്രികളിലും, ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സിനായും നോക്കിയെങ്കിലും അതും ലഭ്യമായില്ല. അതോടെയാണ് മൃതദേഹം കൊണ്ടുപോകാന്‍ പിക്കപ്പ് വാന്‍ വിളിക്കേണ്ടി വന്നത്.
മൃതദേഹം എത്രയും വേഗം കൊണ്ടുപോകണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെന്നും മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് വാന്‍ വിളിച്ചതെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.