നാഷണല്‍ ഹെറാള്‍ഡ് കേസ്; റോസ് അവന്യൂ കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ച് ഇഡി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും റോസ് അവന്യൂ കോടതി ഉത്തരവിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ഈ ആഴ്ച ആദ്യം ഡല്‍ഹിയിലെ റോസ് അവന്യൂ കോടതി ഇഡി സമര്‍പ്പിച്ച കുറ്റപത്രം പരിഗണിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. കേസില്‍ അന്വേഷണം തുടരാനും കോടതി ഉത്തരവിട്ടു.
ജവഹര്‍ലാല്‍ നെഹ്‌റു 1938ലാണ് പാര്‍ട്ടി മുഖപത്രമായി 'നാഷണല്‍ ഹെറാള്‍ഡ്' തുടങ്ങിയത് . ഗാന്ധി കുടുംബാംഗങ്ങള്‍ക്ക് 38% ഓഹരിയുള്ള 'യങ് ഇന്ത്യന്‍' (വൈഐ) എന്ന കമ്പനി, നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ (എജെഎല്‍.) 90 കോടിയിലധികം രൂപയുടെ കടം 50 ലക്ഷം രൂപയുടെ നാമമാത്ര തുകക്ക് ഏറ്റെടുത്തു എന്നാണ് കേസ്.
കേസില്‍ ആറ് മാസങ്ങള്‍ക്ക് മുന്‍പ് രാഹുലിനും സോണിയക്കുമെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്. 5000 കോടിയുടെ തട്ടിപ്പെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം.
