മാലിന്യക്കൂമ്പാരത്തില്‍ ദേശീയപതാകകള്‍: മൂന്നുപേര്‍ അറസ്റ്റില്‍

Update: 2022-07-15 17:43 GMT
മാലിന്യക്കൂമ്പാരത്തില്‍ ദേശീയപതാകകള്‍: മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാകകള്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേരെ ഹില്‍പാലസ് പോലിസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം വെങ്ങോല കീടത്ത് ഷമീര്‍ (42), ഇടുക്കി വെട്ടിക്കാട്ടില്‍ മണി ഭാസ്‌കര്‍ (49), തോപ്പുംപടി ചിരികണ്ടത്ത് സാജര്‍ (49) എന്നിവരാണ് അറസ്റ്റിലായത്. മാലിന്യം നിക്ഷേപിച്ച ദിവസം യാര്‍ഡില്‍ നിന്നു പുറത്തുപോയ ലോറികളെപ്പറ്റി പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പഴയ വസ്തുക്കളെല്ലാം പൊളിച്ച് വില്‍പ്പന നടത്തുന്ന മൂന്നാം പ്രതി സാജറിന്റെ ഗോഡൗണില്‍ നിന്നാണ് ലോറിയില്‍ മാലിന്യം കയറ്റിക്കൊണ്ടുപോയത്.

ലോറി ജീവനക്കാരായ ഷമീറും മണി ഭാസ്‌കറും വാഹനത്തില്‍ കയറ്റിയ മാലിന്യങ്ങളുടെ കൂട്ടത്തില്‍ ദേശീയ പതാകകളും ഉള്‍പ്പെടുകയായിരുന്നു. കഴിഞ്ഞ 12ന് രാവിലെയാണ് കോസ്റ്റ് ഗാര്‍ഡിന്റെ മാലിന്യം ടിപ്പറില്‍ കൊണ്ടുവന്ന് നിക്ഷേപിച്ച കൂട്ടത്തില്‍ ഏഴ് ദേശീയപതാകകളും കോസ്റ്റ് ഗാര്‍ഡിന്റെ പതാകകളും ഇരുമ്പനം കടത്ത്കടവ് റോഡില്‍ മുനിസിപ്പല്‍ ശ്മശാനത്തിനടുത്തുള്ള സ്ഥലത്ത് കണ്ടെത്തിയത്. നാട്ടുകാരറിഞ്ഞ് സംഭവം വാര്‍ത്തയായതോടെ ഹില്‍പാലസ് പോലിസ് സ്ഥലത്തെത്തി മാലിന്യത്തില്‍ നിന്നു ദേശീയപതാകകള്‍ നീക്കംചെയ്യുകയായിരുന്നു.

Tags:    

Similar News