സിപിഐക്കെതിരേ ആഞ്ഞടിച്ച് എം വി ജയരാജന്‍

കുറ്റം ചെയ്തവര്‍ക്ക് കയറിക്കിടക്കാന്‍ കൂടാരമായി കണ്ണൂരിലെ സിപിഐ മാറിയെന്ന് എം വി ജയരാജന്‍

Update: 2021-12-06 05:40 GMT

കണ്ണൂര്‍:സകല കുറ്റങ്ങളും ചെയ്തവര്‍ക്ക് കയറിക്കിടക്കാനുള്ള കൂടാരമായി സിപിഐ മാറിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.മുന്‍ സിപിഎം തളിപ്പറമ്പ് നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗം കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ 57 പേര്‍ സിപിഐയിലേക്കു പോയതിനെ തുടര്‍ന്ന് നടത്തിയ സിപിഎം വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു എം വി ജയരാജന്‍.ഇങ്ങനെയൊരു ഗതികേട് ആ പാര്‍ട്ടിക്ക് ഉണ്ടായതില്‍ വിഷമമുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. സാമ്പത്തിക ക്രമക്കേടുകള്‍ക്ക് ആര്‍ക്കെങ്കിലും എതിരെ നടപടിയെടുത്താല്‍ അവര്‍ ഉടന്‍ തന്നെ സിപിഐയാകുമെന്നും ജയരാജന്‍ പറഞ്ഞു.

കോമത്ത് മുരളീധരനെ സിപിഎമ്മില്‍ നിന്നു പുറത്താക്കിയ സംഭവത്തില്‍ അണികള്‍ക്ക് വിശദീകരണം നല്‍കാന്‍ 2 കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഒരു സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയും ഒരുമിച്ചു പങ്കെടുത്ത പൊതുയോഗമാണു നടന്നത്.കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ മന്ത്രി എം വി ഗോവിന്ദനും സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യുവും പ്രസംഗിച്ചു.

പ്രശ്‌നങ്ങളുടെ പേരില്‍ പാര്‍ട്ടി വിട്ടു പോയവര്‍ തിരിച്ചു വരണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഇ പി ജയരാജന്‍ പറഞ്ഞു. മന്ത്രി എംവിഗോവിന്ദനും ഇതേ രീതിയില്‍ തന്നെയാണു പ്രസംഗിച്ചത്.എന്നാല്‍, കോമത്ത് മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച എം.വി.ജയരാജന്‍ തനിക്ക് തെറ്റു പറ്റിയതായി സമ്മതിച്ച് മുരളീധരന്‍ അയച്ച ശബ്ദസന്ദേശവും മൈക്കിലൂടെ കേള്‍പ്പിച്ചു.എന്നാല്‍, തനിക്കെതിരെ പാര്‍ട്ടി നടപടി എടുക്കുന്നുണ്ടെങ്കില്‍ ഉടന്‍ എടുക്കാമെന്നും ഇനി നേതാക്കളെ വിളിച്ച് ശല്യപ്പെടുത്തില്ലെന്നും പറയുന്ന ബാക്കി ഭാഗം കേള്‍പ്പിച്ചില്ലെന്ന് മുരളീധരന്‍ പ്രതികരിച്ചു.

Tags:    

Similar News