ഇടതുസര്‍ക്കാര്‍ ഫാഷിസ്റ്റ് വിരുദ്ധമാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Update: 2023-01-16 09:00 GMT

പുത്തനത്താണി: മതന്യൂനപക്ഷ മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഫാസിസ്റ്റ് വിരുദ്ധമാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അഭിപ്രായപ്പെട്ടു.

എസ്ഡിപിഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഓഫിസ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷത്തിന്റെ പ്രതിനിധികള്‍ ഉദ്യോഗത്തിലേക്ക് കടന്നുചെല്ലുന്നതിനെ തടയിടുന്നതില്‍ ഒന്നാമത് നില്‍ക്കുന്ന ഒരു സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമുദായത്തെ പ്രതിപ്പട്ടികയില്‍ നിര്‍ത്തിക്കൊണ്ട് രാഷ്ട്രീയ വളര്‍ച്ചയ്ക്കുള്ള മല്‍സരമാണ് കേരളത്തില്‍ ബിജെപിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും നടത്തിക്കൊണ്ടിരിക്കുന്നത്.

രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ഭയപ്പെടുത്തി നിലയ്ക്കുനിര്‍ത്താന്‍ ഫാഷിസ്റ്റ് ഭരണകൂടം മുഴുവന്‍ തന്ത്രങ്ങളും ആവിഷ്‌കരിച്ച് നടപ്പാക്കുകയാണെന്നും ഇതിലൊന്നും ഭയപ്പെടാതെ ജനാധിപത്യത്തിന് വേണ്ടി നിര്‍ഭയത്വത്തോടെ പ്രവര്‍ത്തിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഷ്‌റഫ് പുത്തനത്താണി അധ്യക്ഷത വഹിച്ചു. ഡോ.സി എച്ച് അഷ്‌റഫ്, അഡ്വ. കെ സി നസീര്‍, എ കെ അബ്ദുല്‍ മജീദ്, സൗമ്യ തവനൂര്‍, നജീബ് തിരൂര്‍, എം കെ സകരിയ്യ, ജുബൈര്‍ കല്ലന്‍, നിസാര്‍ അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. കെ സി സമീര്‍, കെ പി എ മജീദ് പങ്കെടുത്തു.

Tags: