ജയിലിലടക്കപ്പെട്ട പൗരത്വ സമര പോരാളികള്‍ക്ക് നിയമസഹായവുമായി മുസ്‌ലിം ലീഗ്

പൗരാവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്ന എല്ലാവരുടെയും പ്രതീകമാണ് ജയിലിക്കപ്പെട്ട ആക്റ്റിവിസ്റ്റുകള്‍. ന്യൂനപക്ഷ അവകാശ നിഷേധങ്ങളുടെ നാടായി ഇന്ത്യ മാറുന്നത് അനുവദിക്കാനാവില്ല.

Update: 2020-05-13 10:38 GMT

മലപ്പുറം: ഭരണകൂട ഭീകരതയുടെ ഇരകളായി ജയിലിലടക്കപ്പെട്ട ആക്റ്റിവിസ്റ്റുകള്‍ക്ക് നിയമ പോരാട്ടത്തില്‍ പിന്തുണ നല്‍കാന്‍ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി തീരുമാനിച്ചു. യുഎപിഎ, എന്‍എസ്എ തുടങ്ങിയ കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കപ്പെട്ട ജാമിഅ മില്ലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി നേതാക്കളായ സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി നേതാവ് ഷിഫാഉര്‍റഹ്മാ, സീലംപൂരില്‍ ഷഹീന്‍ ബാഗ് മോഡല്‍ സമരത്തിനു നേതൃത്വം കൊടുത്ത ഗുല്‍ശിഫ എന്നിവരെ അറസ്റ്റ് ചെയ്യുകയും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്‌ലാമിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കസ്റ്റഡിയിലെടുക്കാന്‍ നീക്കം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിമസഹായം നല്‍കാന്‍ തീരുമാനിച്ചത്.

അന്യായ തടങ്കലില്‍ കഴിയുന്നവര്‍ക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ മുസ്‌ലിം ലീഗ് കൂടെ നില്‍ക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. സാമ്പത്തികമായും രാഷ്ട്രീയമായും അവരെ പാര്‍ട്ടി പിന്തുണക്കും. തിഹാര്‍ ജയിലില്‍ കഴിയുന്ന സഫൂറ സര്‍ഗര്‍ മൂന്ന് മാസം ഗര്‍ഭിണിയാണ്. പൗരത്വ നിയമത്തിനെതിരായി നടന്ന സമരത്തിലൂടെ ദേശീയ ശ്രദ്ധ നേടിയവരാണ് മീരാന്‍ ഹൈദറും ഷിഫാ ഉര്‍ റഹ്മാനും. സീലംപൂരില്‍ നടന്ന ഷഹീന്‍ ബാഗ് മോഡല്‍ സമരത്തിന്റെ മുന്‍ നിരയില്‍ നിന്ന ഗുല്‍ശിഫയെ യുഎപിഎ ചുമത്തി തീഹാര്‍ ജയിലില്‍ ക്കുന്നു. ഒരു ഭരണഘടനാ ചുമതലയുള്ള സ്ഥാപനത്തിന്റെ മേധാവി എന്ന പരിഗണന പോലുമില്ലാതെയാണ് ഡോ. സഫറുല്‍ ഇസ്‌ലാമിനെ വേട്ടയാടുന്നത്. നേരത്തെ തന്നെ ജയിലില്‍ കഴിയുന്ന ഡോ. ഖഫീല്‍ ഖാന് കോടതി ജാമ്യം നല്‍കിയിട്ടും ദേശസുരക്ഷാ നിയമം ചുമത്തി വിട്ടയക്കുന്നത് തടസപ്പെടുത്തുകയാണ്. കൃത്യമായും ഒരു പ്രത്യേക സമുദായത്തെ ടാര്‍ജറ്റ് ചെയ്യുകയാണ്. പൗരത്വ സമര കാലത്തും ഡല്‍ഹി വംശഹത്യയുടെ നാളുകളിലും കേന്ദ്ര സര്‍ക്കാറിന് അപ്രിയകരമായ സത്യങ്ങള്‍ വിളിച്ചു പറഞ്ഞു എന്നത് മാത്രമാണ് ഇവര്‍ ചെയ്ത തെറ്റ്. കലാപത്തിന്റെ ഗൂഡാലോചന കുറ്റം ഇരകള്‍ക്കുവേണ്ടി ശബ്ദിച്ചവരുടെ തലയില്‍ കെട്ടി വക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയാണ്. ദേശ് കി ഗദ്ദാരോം കോ ഗോലിമാരോ (രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലു) എന്ന് രാജ്യദ്രോഹമുദ്ര ചാര്‍ത്തി കൊല്ലാന്‍ ആഹ്വാനം ചെയ്തവര്‍ സ്വതന്ത്രരായി വിഹരിക്കുകയാണ്. വംശഹത്യയുടെ നാളുകളില്‍ പോലീസ് തയാറാക്കിയ എഫ് ഐ ആറുകളില്‍ പോലും ഈ വിദ്യാര്‍ത്ഥികളുടെ പേരില്ല. എന്നിട്ടും പിന്നീട് നിയമവിരുദ്ധമായി ആള്‍ക്കൂട്ടം സൃഷ്ടിക്കുക,സായുധമായി സംഘടിക്കല്‍, കലാപത്തിന് ഗൂഡാലോചന നടത്തുക, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് യു എ പി എ ചുമത്തുന്നത് പ്രതികാര നടപടിയാണ്. ഭാവിയിലും ബി ജെ പി സര്‍ക്കാറിന്റെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ സംസാരിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമമാണിത്. ഇത് വിലപ്പോവില്ല. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയില്‍ വിശ്വാസമുണ്ട്. പൗരാവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്ന എല്ലാവരുടെയും പ്രതീകമാണ് ജയിലിക്കപ്പെട്ട ആക്റ്റിവിസ്റ്റുകള്‍. ന്യൂനപക്ഷ അവകാശ നിഷേധങ്ങളുടെ നാടായി ഇന്ത്യ മാറുന്നത് അനുവദിക്കാനാവില്ല. കടുത്ത അധിക്ഷേപവും മാനസിക സംഘര്‍ഷവുമാണ് ജയിലില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങള്‍ അനുഭവിക്കുന്നത്. ഒരു ജനാധിപത്യ സമൂഹത്തിന് അവരെ തനിച്ചാക്കാനാവില്ല.

നേരത്തെ ഈ വിഷയം പാര്‍ലമെന്റില്‍ മുസ്‌ലിം ലീഗ് ഉന്നയിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നത് കടുത്ത ജനാധിപത്യവിരുദ്ധതയാണെന്ന് ചൂണ്ടിക്കാട്ടി എംപിമാര്‍ കത്തുകളയച്ചു, പാര്‍ട്ടിയുടെ ശക്തമായ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിച്ചു.ലോക് ഡൗണ്‍ കാലയളവില്‍ പരസ്യ പ്രതിഷേധത്തിന്റെ പരിമിതികള്‍ ഉണ്ടായിരുന്നിട്ടും മെയ് 6 ന് യൂത്ത് ലീഗ് ദേശവ്യാപകമായി ദേശീയ പ്രക്ഷോഭ ദിനം ആചരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ആയിരക്കണക്കിന് ഇ മെയില്‍ പരാതികള്‍ അയച്ചു.കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു.

നിരവധി സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വന്തം വീടുകളില്‍ പ്ലക്കാര്‍ഡുയര്‍ത്തി ഹോം പ്രോട്ടസ്റ്റ് സംഘടിപ്പിച്ചു.എം എസ് എഫ് ദേശീയ കമ്മിറ്റി നവ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രതിഷേധം സംഘടിപ്പിച്ചു. ജനാധിപത്യ രീതിയില്‍ സാധ്യമായ പ്രതിഷേധങ്ങളൊക്കെ പാര്‍ട്ടിയും യുവജന വിദ്യാര്‍ത്ഥി ഘടകങ്ങളും തുടരുക തന്നെ ചെയ്യും. അതിന് പുറമേയാണ് ഈ വിദ്യാര്‍ത്ഥി വേട്ടയുടെ ഇരകള്‍ക്ക് നിയമസഹായം നല്‍കുക. അവരുടെ കുടുംബങ്ങളുമായി കൂടിയാലോചിച്ച് മികച്ച അഭിഭാഷകരുടെ സേവനം ഉറപ്പാക്കണം. ഇതിനാവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കും. നീതി ലഭിക്കും വരെ ഇരകളുടെ കുടുംബത്തോടൊപ്പം പാര്‍ട്ടി നിലയുറപ്പിക്കും. 

Tags:    

Similar News