ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊല: യൂത്ത്‌ലീഗ് ഭാരവാഹി ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ കേസ്

അതേസമയം കൊല്ലപ്പെട്ട അബ്ദുല്‍ റഹ്മാന്‍ ഹൗഫ് ഐഎന്‍എല്‍ പ്രവര്‍ത്തകനാണെന്ന് ഐഎന്‍എല്‍ ഔദ്യോഗിക എഫ്ബി പേജില്‍ പറഞ്ഞു

Update: 2020-12-24 04:22 GMT

കാസര്‍കോട്: കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബ്ദുല്‍ റഹ്മാന്‍ ഹൗഫിനെ കൊലപ്പെടുത്തിയ കേസില്‍ യൂത്ത്‌ലീഗ് ഭാരവാഹി ഇര്‍ഷാദ് ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി 10.30ഓടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമമുണ്ടായത്. അബ്ദുല്‍ റഹ്മാനും സുഹൃത്ത് ഷുഹൈബും ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് രണ്ടുപേര്‍ക്കും കുത്തേറ്റത്. ഇവര്‍ രണ്ടുപേരും പഴയ കടപ്പുറത്തേക്ക് വരുന്നതിനിടെ കല്ലൂരാവി പഴയ കടപ്പുറം റോഡില്‍ ഒരുസംഘം അക്രമികള്‍ തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നു.


ഇവരുടെ മറ്റ് രണ്ട് സുഹൃത്തുക്കള്‍ മറ്റൊരു ബൈക്കില്‍ പിന്നാലെയുണ്ടായിരുന്നു. അബ്ദുല്‍ റഹ്മാന് നെഞ്ചിലാണ് കുത്തേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വോട്ടെണ്ണല്‍ ദിവസം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകം എന്ന് സിപിഎം ആരോപിച്ചു. അബ്ദുല്‍ റഹ്മാന്‍ ഹൗഫിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.


അതേസമയം കൊല്ലപ്പെട്ട അബ്ദുല്‍ റഹ്മാന്‍ ഹൗഫ് ഐഎന്‍എല്‍ പ്രവര്‍ത്തകനാണെന്ന് ഐഎന്‍എല്‍ ഔദ്യോഗിക എഫ്ബി പേജില്‍ പറഞ്ഞു. കൊലപാതകവുമായി മുസ്‌ലിം ലീഗിന് ബന്ധമില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്കു പിന്നിലെന്ന് പോലീസ് പറയുന്നു.




Tags:    

Similar News