മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍; ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

അധികാരപരിധിക്ക് പുറത്തുള്ള കാര്യമെന്ന് വിശദീകരണം

Update: 2025-10-08 06:57 GMT

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം. ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമെന്നാണ് നിലപാട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്‍കി. കേന്ദ്രത്തിന്റെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണ് വായ്പ എഴുതിത്തള്ളല്‍. തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു.

ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിലപാട് ആവശ്യപ്പെട്ടിരുന്നു. വായ്പ എഴുതിത്തള്ളാന്‍ കഴിയുമോ ഇല്ലയോ എന്നത് വ്യക്തമാക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

ഈ കാര്യത്തില്‍ കേന്ദ്രത്തിന്റേത് മനുഷ്യത്വ രഹിതമായ സമീപനമെന്ന് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് പ്രതികരിച്ചു. നിയമമനുസരിച്ച് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി നടത്തിയത് മുന്‍കാല പ്രാബല്യത്തിലല്ല. ദുരന്തത്തിന് ശേഷമാണ് ഭേദഗതി വരുത്തിയത്. അതിനര്‍ഥം ദുരന്തം നടക്കുമ്പോള്‍ ഈ നിയമം ഉള്ളത് കൊണ്ടുതന്നെ ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: