പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര ധൂര്‍ത്ത്: മുല്ലപ്പള്ളി

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഒരു സംരക്ഷണവും നല്‍കാത്ത പാര്‍ട്ടിയാണ് സിപിഎം. അതിന് തെളിവാണ് ബിജെപിയെപ്പോലെ ബീഫ് നിരോധനം നടപ്പാക്കാന്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന അഭ്യന്തര വകുപ്പും തുനിഞ്ഞതെന്നും മുളപ്പള്ളി പറഞ്ഞു.

Update: 2020-02-17 13:47 GMT

തിരുവനന്തപുരം: ധൂര്‍ത്തും ധാരാളിത്തവും മാത്രമാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.പ്രവാസികള്‍ക്ക് ഒരു പ്രയോജനവുമില്ലാത്ത ലോക കേരളസഭയുടെ പേരില്‍ സര്‍ക്കാര്‍ വന്‍ ധൂര്‍ത്താണ് നടത്തിയത്. ലോക കേരളസഭയിലെ പ്രതിനിധികളുടെ താമസത്തിനും ഭക്ഷണണത്തിനുമായി ഒരു കോടിയോളം രൂപ ചെലവാക്കിയെന്നത് ഞെട്ടിക്കുന്നതാണ്.

ഭക്ഷണ ബില്ല് ഒരാള്‍ക്ക് 2000 രൂപയെന്നത് കേട്ടുകേള്‍വിയിലാത്തതാണ്. പാവപ്പെട്ടവരായ നികുതി ദായകരുടെ പണം ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്ത്. സംസ്ഥാനത്ത് വികസന മുരടിപ്പാണ്. ചൂണ്ടികാണിക്കാന്‍ ഒരു പദ്ധതി പോലും സംസ്ഥാന സര്‍ക്കാരിനില്ല. മൂന്നര വര്‍ഷം കൊണ്ട് പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ കടബാധ്യത ഒരു ലക്ഷം കോടിയായി വര്‍ധിപ്പിച്ചു എന്നതാണ് സുപ്രധാന നേട്ടം. സഹസ്ര കോടീശ്വരനമാര്‍ക്കായിട്ടാണ് ലോക കേരളസഭ സംഘടിപ്പിച്ചത്. സാധരണക്കാരായ ഒരു പ്രവാസിയേയും ലോക കേരളസഭയില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

പോലിസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയത് ഞെട്ടിക്കുന്ന സംഭവമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെത് സംഘപരിവാര്‍ മനസാണ്. ഫാസിസം പോലിസിന്റെ അടുക്കളയില്‍ വരയെത്തി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഒരു സംരക്ഷണവും നല്‍കാത്ത പാര്‍ട്ടിയാണ് സിപിഎം. അതിന് തെളിവാണ് ബിജെപിയെപ്പോലെ ബീഫ് നിരോധനം നടപ്പാക്കാന്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന അഭ്യന്തര വകുപ്പും തുനിഞ്ഞതെന്നും മുളപ്പള്ളി പറഞ്ഞു. ടൈറ്റാനിയം പ്രോഡക്ട്‌സ് ലേബര്‍ യൂനിയന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു മുല്ലപ്പള്ളി.


Tags:    

Similar News