പ്രജ്ഞാ സിങ് താക്കൂറിന് വിഷം പുരട്ടിയ കവറുകള്‍ അയച്ചുവെന്നാരോപിച്ച് ഡോക്ടര്‍ അറസ്റ്റില്‍

തനിക്ക് വിഷം പുരട്ടിയ കവറുകള്‍ അയച്ചുവെന്നാരോപിച്ച് പ്രജ്ഞാസിങ് താക്കൂര്‍ മധ്യപ്രദേശ് പോലിസില്‍ പരാതി നല്‍കിയിരുന്നു.

Update: 2020-01-18 09:19 GMT

നന്ദദ്: പ്രജ്ഞാ സിങ് താക്കൂര്‍ എംപിക്ക് വിഷം പുരട്ടിയ കവറുകള്‍  അയച്ചുവെന്നാരോപിച്ച് ഡോക്ടര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നന്ദദ് ജില്ലയിലെ ഡോക്ടറെയാണ് മധ്യപ്രദേശ് ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

തനിക്ക് വിഷം പുരട്ടിയ കവറുകള്‍ അയച്ചുവെന്നാരോപിച്ച് പ്രജ്ഞാസിങ് താക്കൂര്‍ മധ്യപ്രദേശ് പോലിസില്‍ പരാതി നല്‍കിയിരുന്നു. വിഷം പുരണ്ട ചില കവറുകള്‍ എംപിയുടെ വസതിയില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. അയച്ച കത്തില്‍ ഉറുദുവിലാണ് എഴുതിയിട്ടുമുണ്ട്.

അന്വേഷണം നടത്തി ഡോ. സയ്യദ് അബ്ദുല്‍ റഹ്മാന്‍ ഖാനെ(35) അറസ്റ്റ് ചെയ്തതായി നന്ദദ് ജില്ലയിലെ ഇത്വാര പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പ്രദീപ് കക്കദെ പറഞ്ഞു. ഡോ. സയ്യിദ് നന്ദദ് ജില്ലയിലെത്തന്നെ ധനഗവോണില്‍ ഒരു ക്ലിനിക് നടത്തുകയാണ്. 

മൊബൈല്‍ ലൊക്കേഷന്‍ വച്ച് പോലിസ് ആദ്യം ഇയാളെ കണ്ടെത്തിയെങ്കിലും  മൊബൈല്‍ വീട്ടില്‍ ഉപേക്ഷിച്ച് മറ്റൊരു നഗരത്തിലേക്ക് പോയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. വ്യത്യസ്ത നഗരങ്ങളില്‍ നിന്നാണ് ഇയാള്‍ എഴുത്തുകള്‍ പോസ്റ്റ് ചെയ്യുന്നതെന്നാണ് പോലിസ് പറയുന്നത്.

ഒടുവില്‍ ഡോ. ഖാനെ ഇന്നലെ വൈകീട്ടാണ് എടിഎസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു മാസമായി അയാളെ നിരീക്ഷിച്ചുവരികയായിരുന്നെന്ന് പോലിസ് പറഞ്ഞു. തന്റെ അമ്മയ്ക്കും സഹോദരനും ഭീകരരുമായി ബന്ധമുണ്ടന്ന് ആരോപിച്ച് ഡോ. ഖാന്‍ നേരത്തെ ഇത്തരം ചില കത്തുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ചിരുന്നു.

പ്രജ്ഞയുടെ പരാതിയില്‍ പോലിസ് കേസെടുത്തിട്ടുണ്ട്.  

Similar News