കൊച്ചി: ഭൂട്ടാനില്‍നിന്ന് കേരളത്തിലേക്കെത്തിയ ഇറക്കുമതി വാഹനങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കി മോട്ടോര്‍വാഹന വകുപ്പ്. ഭൂട്ടാനില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ വ്യാജരേഖകള്‍ ചമച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്ത് പിന്നീട് കേരളത്തിലടക്കം വില്‍ക്കുന്നതായാണ് കണ്ടെത്തല്‍. ഇതിനെത്തുടര്‍ന്ന് ഇനി സംസ്ഥാനത്ത് മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് റീ രജിസ്‌ട്രേഷന്‍ അപേക്ഷിക്കുന്ന വാഹനങ്ങള്‍ മുഴുവന്‍ വിശദമായി പരിശോധിക്കാനാണ് നിര്‍ദേശം.
ഭൂട്ടാനില്‍നിന്ന് എത്തിയ വാഹനങ്ങള്‍ ഇന്ത്യയില്‍ പുതിയ വാഹനങ്ങളായി ഡീലര്‍മാര്‍ വില്‍പ്പന നടത്തി രജിസ്റ്റര്‍ ചെയ്തതാണോ എന്നും പരിശോധനയ്ക്ക് വിധേയമാക്കണം. രാജ്യത്തിനു പുറത്തുപയോഗിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 160 ശതമാനം കസ്റ്റംസ് തീരുവ അടയ്‌ക്കേണ്ടതുണ്ട്. നിയമാനുസൃതമായി ഇറക്കുമതി ചെയ്ത വാഹനമാണെങ്കില്‍ തീരുവ അടച്ചതിന്റെ രസീത് ഹാജരാക്കണമെന്നും മോട്ടോര്‍വാഹന വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ ജോഷി കെ നിര്‍ദ്ദേശിച്ചു.
ഭൂട്ടാനില്‍നിന്ന് ഇന്ത്യയിലേക്ക് വാഹനങ്ങള്‍ കടത്താന്‍ സഹായകമായത് വ്യാജ എതിര്‍പ്പില്ലാ രേഖകളാണ് (എന്‍ഒസി). ഭൂട്ടാന്‍ സര്‍ക്കാരിന്റെ പേരില്‍ തയ്യാറാക്കിയ വ്യാജ എന്‍ഒസികള്‍ കാണിച്ചാണ് വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തിയത്. ഇതിന് പിന്നില്‍ ഭൂട്ടാന്‍ പൗരനും വലിയ വാഹന ഇടപാടുകാരനുമായ ഷാ കിന്‍ലെ, ഭൂട്ടാന്‍ മുന്‍ കരസേനാ ഉദ്യോഗസ്ഥന്‍ എന്നിവര്‍ ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
കസ്റ്റംസും ഇഡിയും നടത്തിയ സംയുക്ത റെയ്ഡുകളില്‍ ഈ വ്യാജ എന്‍ഒസികള്‍ അടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഭൂട്ടാന്‍ രജിസ്‌ട്രേഷനിലുള്ള സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങി, ഭൂട്ടാന്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പേരില്‍ വ്യാജ രേഖകള്‍ സൃഷ്ടിച്ച് പശ്ചിമബംഗാളിലെ ജെയ്‌ഗോണ്‍ വഴി ഇന്ത്യയിലേക്കാണ് ഇവ കൊണ്ടുവന്നത്.
അതിര്‍ത്തി കടക്കാന്‍ ഭൂട്ടാന്റെ എതിര്‍പ്പില്ലാ രേഖയും ഇന്ത്യയിലേക്കുള്ള പെര്‍മിറ്റും ഉപയോഗിച്ചു. പിന്നാലെ ഈ വാഹനങ്ങള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്കും കടത്തിയതായി കണ്ടെത്തി. വാഹനങ്ങളുടെ വില ഭൂട്ടാനിലേക്ക് ഹവാല മാര്‍ഗം കൈമാറിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. വിദേശനാണയ നിയമം മൂന്ന്, നാല്, എട്ട് വകുപ്പുകളുടെ ലംഘനമാണ് പ്രാഥമികമായി ചൂണ്ടിക്കാട്ടുന്നത്.
