പ്രതിദിനം മുങ്ങിമരിക്കുന്നത് 25ലധികം പേര്‍; അപകടത്തിനിരയാകുന്നത് കൂടുതലും കുഞ്ഞുങ്ങള്‍, റിപോര്‍ട്ട്

Update: 2025-07-26 08:22 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രതിദിനം ശരാശരി 25ലധികം പേര്‍ മുങ്ങിമരിക്കുന്നുവെന്ന് റിപോര്‍ട്ട്. മരണപ്പെടുന്നവരില്‍ പകുതിയും കുട്ടികളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൈല്‍ഡ് ഇന്‍ നീഡ് ഇന്‍സ്റ്റിറ്റ്യൂട്ടും (സിഐഎന്‍ഐ) ദി ജോര്‍ജ്ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ലോക മുങ്ങിമരണ പ്രതിരോധ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം, സംസ്ഥാനത്തെ ഏകദേശം 18 ദശലക്ഷം ജനസംഖ്യയില്‍ നടത്തിയ സര്‍വേയിലും മുങ്ങിമരണങ്ങളുടെ കണക്കുകള്‍ ഭീതിതമായ രീതിയില്‍ വര്‍ധിച്ചെന്ന് വ്യക്തമാക്കിയിരുന്നു. പ്രതിവര്‍ഷം 9,000ത്തിലധികം പേര്‍ മുങ്ങിമരിക്കുന്നതായി അന്നു കണ്ടെത്തി.

ഒരുവയസ്സിനും ഒമ്പതുവയസ്സിനും ഇടയിലുള്ള കുട്ടികളാണ് ഏറ്റവും കൂടുതല്‍ അപകടത്തിനിരയാകുന്നത്. ഒരു ലക്ഷത്തിന് 121 എന്ന രീതിയില്‍ മരണനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പഠനം കണ്ടെത്തി. ഇത് ആഗോളതലത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്.ലോകമെമ്പാടും എല്ലാ വര്‍ഷവും റിപോര്‍ട്ട്് ചെയ്യപ്പെടുന്ന മൂന്നുലക്ഷം മുങ്ങിമരണങ്ങളില്‍ 18ശതമാനവും ഇന്ത്യയില്‍ മാത്രമാണ് സംഭവിക്കുന്നത്. രാജ്യത്ത് സംഭവിക്കുന്ന ആ മരണങ്ങളില്‍ 17 ശതമാനത്തിലധികവും പശ്ചിമ ബംഗാളിലാണ്.

കുട്ടികള്‍ ഉള്‍പ്പെട്ട 93 ശതമാനം കേസുകളിലും, സംഭവം നടക്കുമ്പോള്‍ മുതിര്‍ന്നവര്‍ ആരും ഉണ്ടായിരുന്നില്ല എന്നതും സര്‍വെയില്‍ കണ്ടെത്തി. കൂടാതെ മിക്കവാറും എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും, 90 ശതമാനത്തിലധികവും, പരിശീലനം ലഭിക്കാത്ത കുടുംബാംഗങ്ങളോ അയല്‍പക്കത്തുള്ളവരോ ആണ് നടത്തിയതെന്നും സര്‍വെ ചൂണ്ടിക്കാട്ടി.

ഇരകളില്‍ 10 ശതമാനം പേര്‍ക്ക് മാത്രമേ സിപിആര്‍ (കാര്‍ഡിയോപള്‍മണറി റീസസിറ്റേഷന്‍) ലഭിച്ചുള്ളൂ, അതേസമയം വെള്ളത്തില്‍ നിന്ന് എടുത്ത ശേഷം 12 ശതമാനം പേര്‍ക്ക് മാത്രമേ വൈദ്യസഹായം ലഭിച്ചുള്ളൂ എന്നും സര്‍വെ അടിവരയിട്ടു. അതേസമയം ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് കൂടുതല്‍ പൊതുജന അവബോധം വളര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.

Tags: