കിടപ്പ് മുറിയുടെ ജനലഴി അറുത്ത് മോഷണം; പണവും സ്വര്‍ണ്ണവും കവര്‍ന്നു

വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കിടപ്പ് മുറിയുടെ ജനലഴിയാണ് അറുത്ത് മാറ്റിയത്. ഹരികൃഷ്ണന്റെ മാതാവ് രാജമ്മ ഉറങ്ങുകയായിരുന്ന ഈ മുറിയില്‍ കടന്ന മോഷ്ടാവ് കട്ടിലിനടിയിലെ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച പതിനായിരം രൂപയും ഒരു പവന്റെ സ്വര്‍ണ വളയുമാണ് കവര്‍ന്നത്.

Update: 2019-04-01 12:07 GMT

കാരയ്ക്കാട്: കിടപ്പുമുറിയുടെ ജനലഴി അറുത്ത് മോഷണം പണവും സ്വര്‍ണവും കവര്‍ന്നു. കാരയ്ക്കാട് ഇടത്തിലേത്ത് ഹരികൃഷ്ണന്റെ വീട്ടിലാണ് തിങ്കള്‍ പുലര്‍ച്ചെ 2.30 ഓടെ മോഷണം നടന്നത്. വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കിടപ്പ് മുറിയുടെ ജനലഴിയാണ് അറുത്ത് മാറ്റിയത്. ഹരികൃഷ്ണന്റെ മാതാവ് രാജമ്മ ഉറങ്ങുകയായിരുന്ന ഈ മുറിയില്‍ കടന്ന മോഷ്ടാവ് കട്ടിലിനടിയിലെ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച പതിനായിരം രൂപയും ഒരു പവന്റെ സ്വര്‍ണ വളയുമാണ് കവര്‍ന്നത്.

തടികൊണ്ട് നിര്‍മിച്ച ജനലഴികള്‍ അറുത്ത് മാറ്റി മുറിക്കുള്ളിലും പിന്നീട് അടുക്കളയിലും കയറിയ മോഷ്ടാവ് അടുക്കളയുടെ പുറത്തേക്കുള്ള വാതില്‍ തുറന്നിട്ടിരുന്നു. മാതാവിന്റെ കിടപ്പ് മുറിയില്‍ നിന്നും ശബ്ദം കേട്ടതോടെ തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഹരികൃഷ്ണനും ഭാര്യ ദിവ്യയും ഉണര്‍ന്ന് ലൈറ്റിട്ടതോടെ തുറന്നിട്ട അടുക്കള വാതിലിലൂടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. സംഘത്തില്‍ ഒന്നിലധികം പേര് ഉണ്ടായിരുന്നതായും ഇവരുടെ കാല്‍പ്പാടുകള്‍ വീടിന് ചുറ്റും പതിഞ്ഞിരുന്നതായും വീട്ടുകാര്‍ പറയുന്നു.

മുളക്കുഴ ഗ്രാമപ്പഞ്ചായത്തിലെ മുന്‍ അംഗം കൂടിയായ ദിവ്യ അറിയിച്ചതനുസരിച്ച് ചെങ്ങന്നൂര്‍ പോലിസ് സ്ഥലത്തെത്തി പരിസരവാസികളുടെ സഹായത്താല്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല. പ്രദേശത്ത് മാസങ്ങളായി തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്നും ഇത് മോഷ്ടാക്കള്‍ക്ക് സഹായകമാണെന്നും നാട്ടുകാര്‍ പറയുന്നു. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ചിലരെ പ്രദേശത്ത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് സമീപ വീടുകളിലെ നിരീക്ഷണ കാമറകള്‍ പരിശോധിക്കുമെന്ന് പോലിസ് അറിയിച്ചു.

Tags:    

Similar News