ഓപറേഷൻ സിന്ദൂർ 100ശതമാനം വിജയമെന്ന് പ്രധാനമന്ത്രി

Update: 2025-07-21 08:53 GMT

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ 100 ശതമാനം വിജയം കൈവരിച്ചുവെന്നും രാജ്യം ഐക്യമെന്തെന്ന് തെളിയിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരു അദ്ദേഹം.

ഓപറേഷൻ സിന്ദൂരിന്റെ നേട്ടത്തിന് ഇന്ത്യൻ പ്രതിരോധ സേനയെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. "ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യം നിശ്ചയിച്ച ലക്ഷ്യം 100 ശതമാനം കൈവരിച്ചു. തീവ്രവാദികളുടെ വീടുകൾ 22 മിനിറ്റിനുള്ളിൽ നിലംപരിശാക്കപ്പെട്ടു," മോദി പറഞ്ഞു.

"ഇന്ത്യൻ സൈനിക ശക്തിയുടെ പുതിയ ഇന്ത്യൻ നിർമ്മിത രൂപം" ആഗോള ശ്രദ്ധ ആകർഷിക്കുകയാണെന്നും മോദി കൂട്ടിചേർത്തു.

"ഈ മൺസൂൺ സമ്മേളനം വിജയത്തിന്റെ ആഘോഷമാണ്. ഇന്ത്യയുടെ സൈനിക ശക്തി ലോകം മുഴുവൻ കണ്ടിട്ടുണ്ട്. ഇ സൈനിക ശക്തിയിലേക്ക് ലോകം വളരെയധികം ആകർഷിക്കപ്പെട്ടിട്ടുണ്ട്. ഇക്കാലത്ത്, ഞാൻ ലോകജനതയെ കാണുമ്പോഴെല്ലാം, ഇന്ത്യയിൽ നിർമ്മിച്ച ആയുധങ്ങളോടുള്ള ലോകത്തിന്റെ ആകർഷണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസിലാക്കുന്നു," മോദി പറഞ്ഞു.

ഇന്ത്യയുടെ സമവായവും ഉറച്ച സമീപനവും ഉയർത്തിക്കാട്ടുന്നതിനായി വിദേശത്തേക്ക് പോയ സർവകക്ഷി പ്രതിനിധി സംഘത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി വിശദീകരിച്ചു."രാജ്യത്തിന്റെ താൽപ്പര്യാർഥം, പാർട്ടി താൽപ്പര്യങ്ങൾ മാറ്റിവെച്ച്, നമ്മുടെ മിക്ക പാർട്ടികളുടെയും പ്രതിനിധികൾ ലോകത്തിലെ പല രാജ്യങ്ങളിലും പോയി, ഏകസ്വരത്തിൽ, പാകിസ്താനെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതിനായി വളരെ വിജയകരമായ ഒരു പ്രചാരണം നടത്തി. അതിൽ ആ എല്ലാ എംപിമാരെയും ഞാൻ അഭിനന്ദിക്കുന്നു , ദേശീയ താൽപ്പര്യത്തിനായി നടത്തിയ ഈ സുപ്രധാന പ്രവർത്തനത്തിന് എല്ലാ പാർട്ടികളെയും ഞാൻ അഭിനന്ദിക്കുന്നു, ഇത് രാജ്യത്ത് ഒരു നല്ല അന്തരീക്ഷം സൃഷ്ടിച്ചു..." മോദി വ്യക്തമാക്കി.

കഴിഞ്ഞ ദശകത്തിൽ 25 കോടി ദരിദ്രർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി അവകാശപ്പെട്ട മോദി രാജ്യത്തെ സാധാരണക്കാരുടെ ജീവിതം മാറി മറഞ്ഞെന്നും വ്യക്തമാക്കി.

Tags: