ജയിലില്‍ തടവുകാര്‍ക്ക് മൊബൈല്‍ ഫോണും ടിവിയും; മൂന്നു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2026-03-29 11:28 GMT

ബെംഗളൂരു: കര്‍ശന സുരക്ഷയ്ക്ക് പേരുകേട്ട പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷാ വീഴ്ച. തടവുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുകയും ടെലിവിഷനിലൂടെ നെറ്റ്ഫ്‌ലിക്‌സ് പോലുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോം കാണുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

വീഡിയോയില്‍ തടവുകാര്‍ തമ്മില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങളെക്കുറിച്ച് സംസാരിക്കുന്നതും വ്യക്തമാണ്. കൊലക്കേസില്‍ രണ്ടരവര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്നവരാണ് മാര്‍ച്ച് 27നു ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് സൂചന. ജയിലിന് പുറത്തുള്ള ബന്ധുക്കള്‍ക്ക് രഹസ്യമായി അയച്ച വീഡിയോയാണ് പിന്നീട് പുറത്തുവന്നത്. സംഭവത്തെത്തുടര്‍ന്ന് വീഡിയോയില്‍ കാണുന്ന മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് വാര്‍ഡന്‍മാരായ ശിവാനന്ദ് കരലബട്ടി, നിരഞ്ജന്‍ എ കാമത്ത്, ഹനുമന്തപ്പ ഹഡപാദ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.

പതിവ് പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാന്‍ ടോയ്‌ലറ്റ് ബ്ലോക്കിനടുത്തുള്ള ഭൂഗര്‍ഭ പൈപ്പ് ലൈനുകളില്‍ മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചുവെച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: