ആള്‍ക്കൂട്ട ആക്രമണവും കൊലപാതകവും; മറ്റു ഗ്രാമങ്ങളില്‍ അഭയം തേടി മുക്തേശ്വരിലെ മുസ് ലിംകള്‍

Update: 2025-07-31 08:31 GMT

നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ ശാന്തമായ വിനോദസഞ്ചാര ഗ്രാമമാണ് മുക്തേശ്വര്‍. പ്രകൃതിയുടെ ശാന്തതക്കപ്പുറത്ത് ആ ഗ്രാമത്തില്‍ നിന്ന് പലപ്പോഴും റിപോര്‍ട്ട് ചെയ്യുന്നത് അശാന്തി നിറഞ്ഞ വാര്‍ത്തകളാണ്. മുസ് ലിംകളുടെ ജീവിതമാണ് ഇവിടെ ഏറ്റവും അശാന്തി നിറഞ്ഞത്. മുസ് ലിമായതിന്റെ പേരില്‍ മാത്രമാണ് അവര്‍ ആക്രമണത്തിനിരയാവുന്നത്. ഇത്തരമൊരു കുറ്റകൃത്യത്തിനിരയായ ആളാണ് വ്യാപാരിയായ മുഹമ്മദ് വസീം, താന്‍ നേരിടേണ്ടി വന്ന ക്രൂരതകള്‍ വിവരിക്കുമ്പോള്‍ വസീമിന്റെ കണ്ണുകളില്‍ ഇപ്പോഴും ആ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല.


എന്നേെത്തയും പോലെ, ഒരു ജൂണ്‍ 17ന് തന്റെ കടയിലേക്ക് ജോലിക്ക് പോയതാണ് വസീം. എന്നാല്‍ ആ ദിവസം, എന്തോ വ്യത്യസ്തമായി അയാള്‍ക്ക് തോന്നി. നിമിഷങ്ങള്‍ക്കകം, വസീമിനെ കുറേ പേര്‍ വളഞ്ഞു. വലിയ തരത്തില്‍ അയാള്‍ ആക്രമിക്കപ്പെട്ടു.

''അവര്‍ എന്റെ കഴുത്തില്‍ ഒരു നായയുടെ കോളര്‍ ഇട്ടു, എന്നെ പരിഹസിച്ചു, എന്നെ 'കത്വ മുല്ല' ( അധിക്ഷേപ പരാമര്‍ശം) എന്ന് വിളിച്ചു. ഞാന്‍ അവരോട് അപേക്ഷിച്ചു. എന്നിട്ടും ഒരു മനുഷ്യനല്ലാത്തതുപോലെ അവര്‍ എന്നോട് പെരുമാറി,'' വസീം പറയുന്നു.


എന്നാല്‍ ആക്രമണം അപമാനത്തില്‍ മാത്രം ഒതുങ്ങിയ ഒന്നായിരുന്നില്ല. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആളുകള്‍ ആക്രമണം നടത്തിയതെന്നും, തന്റെ പുറകില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. അക്രമികള്‍ തന്നെ തീകൊളുത്താന്‍ ശ്രമിച്ചെങ്കിലും പെട്രോളോ മണ്ണെണ്ണയോ ഇല്ലാതെ വന്നപ്പോള്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. താന്‍ മുസ് ലിമാണെന്ന് കണ്ടെത്തിയപ്പോഴാണ് അവര്‍ തന്നെ മര്‍ദിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.അക്രമികള്‍ 5,000 രൂപ പണവും ഏകദേശം 40,000 രൂപ വിലമതിക്കുന്ന ബിസിനസ് സാധനങ്ങളും മോഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു. അദ്ദേഹം വില്‍ക്കുന്ന പരവതാനികളും തുണിത്തരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ആക്രമണത്തിനുശേഷം, വസീം ഹല്‍ദ്വാനി പട്ടണത്തിലെ മുസ് ലിം ഭൂരിപക്ഷ പ്രദേശമായ ബന്‍ഭൂല്‍പുരയില്‍ അഭയം തേടി. അതേസമയം, കേസില്‍ ഒരു എഫ്ഐആറും ഫയല്‍ ചെയ്തില്ല. പ്രതിയെ കുറച്ചു നേരത്തേക്ക് കസ്റ്റഡിയിലെടുത്തെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ വിട്ടയക്കുകയായിരുന്നു.

മുക്തേശ്വര്‍ താന അധികാരപരിധിയിലാണ് ആക്രമണം നടന്നത്. തനിക്ക് നീതി ലഭിക്കണമെന്ന് മാത്രമല്ല, മറ്റുള്ളവര്‍ക്കും ഇതേ വിധി ഉണ്ടാകുന്നത് തടയണമെന്നും വസീം പറഞ്ഞു. ''ഇത് ആര്‍ക്കും സംഭവിക്കരുത്. ദൈവത്തിന്റെ കൃപയാല്‍ ഞാന്‍ അതിജീവിച്ചു. പക്ഷേ അത് മറ്റാരെങ്കിലുമായിരുന്നെങ്കിലോ?'' അദ്ദേഹം ചോദിച്ചു.

അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സിന്റെ ഏറ്റവും പുതിയ റിപോര്‍ട്ട് പ്രകാരം, വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ്. 2024-25 ല്‍ 84 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്.


ഉത്തരാഖണ്ഡിലെ മുസ് ലിം സമൂഹത്തിനെതിരേ ലക്ഷ്യമിട്ടുള്ള നടപടികളുടെ ഒരുദാഹരണമാണ് വസീമിനെതിരായ ആക്രമണം പ്രതിഫലിപ്പിക്കുന്നതെന്ന് ഡെറാഡൂണ്‍ ആസ്ഥാനമായുള്ള മുസ് ലിം സേവാ സംഘടനയുടെ വൈസ് പ്രസിഡന്റ് അഖിബ് ഖുറേഷി പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംസ്ഥാനത്ത് മുസ് സിം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളും വിദ്വേഷ പ്രസംഗങ്ങളും വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

'ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ഈ ആളുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. മുസ് ലിംകള്‍ക്കെതിരായ മനപൂര്‍വവും കണക്കുകൂട്ടിയതുമായ നീക്കമാണിത്. മുസ് ലിംകളുടെ ബിസിനസുകള്‍ തടസ്സപ്പെടുത്താനും അവരുടെ ഉപജീവനമാര്‍ഗമില്ലാതാക്കനും അവര്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം പറഞ്ഞു.

Tags: