ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ വോട്ടര്‍മാര്‍ക്കെതിരേ നടത്തിയ അധിക്ഷേപ പരാമര്‍ശം തിരുത്തി എം എം മണി എംഎല്‍എ. ഇന്നലത്തെ സാഹചര്യത്തില്‍ ഒരു വികാരത്തിനുപുറത്ത് പറഞ്ഞുപോയതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ഈ വിധിയോട് ഒരു നിലയിലും യോജിക്കാന്‍ സാധിക്കില്ലെന്നുതന്നെയാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി, എ കെ ആന്റണി, കരുണാകരന്‍ എന്നിവര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതില്‍ നിന്നും വ്യത്യസ്തമായി ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരുകള്‍ അധികാരത്തിലുള്ളപ്പോള്‍ ചെയ്ത ക്ഷേമപ്രവര്‍ത്തനങ്ങള്‍ മറ്റ് ഏതെങ്കിലും സര്‍ക്കാര്‍ സംസ്ഥാനത്ത് ചെയ്തിട്ടുണ്ടോയെന്നും എം എം മണി ചോദിച്ചു. സാമൂഹിക വീക്ഷണവും സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിന്റെയും അടിസ്ഥാനത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ആ കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് സംസ്ഥാന ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ഇടതുപപക്ഷം കനത്ത തിരിച്ചടി നേരിടുന്നതിനിടെയായിരുന്നു എം എം മണിയുടെ വിവാദ പരാമര്‍ശം. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ച ആളുകള്‍ തങ്ങള്‍ക്കെതിരായി വോട്ടു ചെയ്തു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നും മണി ആരോപിച്ചിരുന്നു.