രാഷ്ട്രീയ അനിശ്ചിതത്വത്തിന് താല്‍ക്കാലിക വിരാമം; മഹാരാഷ്ട്ര നിയമസഭയില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചു

ഇന്ന് സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് നാളെ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. ശിവജി പാര്‍ക്കില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.

Update: 2019-11-27 04:30 GMT

മുംബൈ: രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും അനിശ്ചിതത്വത്തിനും താല്‍ക്കാലിക വിരാമിട്ട് മഹാരാഷ്ട്ര നിയമസഭയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചു. മുതിര്‍ന്ന നേതാക്കളായ എന്‍സിപിയുടെ അജിത് പവാര്‍ ഛഗന്‍ ബുജ്പാല്‍, കോണ്‍ഗ്രസിന്റെ അശോക് ചവാന്‍ പ്രിഥ്വിരാജ് ശിവസേനയുടെ ആദിത്യ താക്കറെ തുടങ്ങിയവരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. പ്രൊടൈം സ്പീക്കറായി ഗവര്‍ണര്‍ നിയമിച്ച കാളിദാസ് കൊളംബ്കരാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സത്യപ്രതിജ്ഞ ചടങ്ങുകള്‍ അഞ്ചു മണി കഴിഞ്ഞും നീണ്ടു നില്‍ക്കാനാണ് സാധ്യത.

വിശ്വാസവോട്ടെടുപ്പ് ഇന്നു തന്നെ നടത്താനുള്ള സുപ്രിം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധി വന്നയുടനെ 80 മണിക്കൂര്‍ മാത്രം ആയുസ്സുണ്ടായിരുന്ന സര്‍ക്കാരിന് അന്ത്യം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഫഡ്്‌നാവിസ് രാജിവച്ചിരുന്നു. ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസ്സും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തീവ്ര ശ്രമം നടക്കുന്നതിനിടയിലാണ് എന്‍സിപി നേതാവായ അജിത് പവാര്‍ ബിജെപിയുമായി ധാരണയിലെത്തിയത്. അന്ന് പുലര്‍ച്ചെ തന്നെ രാഷ്ട്രപതിഭരണം പിന്‍വലിക്കുകയും ഫഡ്‌നാവിസ് മുഖ്യമന്ത്രിയും പവാര്‍ ഉപമുഖ്യമന്ത്രിയായും അധികാരമേല്‍ക്കുകയും ചെയ്തു. ഇതിനെതിരേ ത്രികക്ഷിസഖ്യം സുപ്രിം കോടതിയെ സമീപിച്ചു. വിശ്വാസവോട്ടെടുപ്പിന് 14 ദിവസം ആവശ്യപ്പെട്ട ബിജെപിയുടെ ആവശ്യം തള്ളി സുപ്രിം കോടതി തൊട്ടടുത്ത ദിവസമായ ഇന്നുതന്നെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു ഫഡ്‌നാവിസിന്റെ രാജി.

ഇന്ന് സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് നാളെ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. ശിവജി പാര്‍ക്കില്‍ വച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ശിവസേനയുടെ രാഷ്ട്രീയചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഇടമാണ് ശിവജി പാര്‍ക്ക്. ബാല്‍താക്കറെ ഈ മൈതാനത്ത് നിരവധി ദസറ റാലികള്‍ നടത്തിയിട്ടുണ്ട്.

288 അംഗ നിയമസഭയില്‍ ബിജെപിക്ക് 105 സീറ്റാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷത്തിന് 40 സീറ്റ് കുറവ്. ആ സാഹചര്യത്തിലാണ് അജിത് പവാര്‍ എന്‍സിപി എംഎല്‍എമാരെ ബിജെപി സഖ്യത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. പക്ഷേ, കാര്യങ്ങള്‍ വിചാരിച്ചതുപൊലെ നടന്നില്ല. എംഎല്‍എമാരെ തനിക്കൊപ്പം ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ ശരത് പവാര്‍ വിജയിച്ചു.  

Tags:    

Similar News