കോഴിക്കോട് നന്മണ്ടയില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി

Update: 2026-02-01 04:59 GMT

കോഴിക്കോട്: കോഴിക്കോട് നന്മണ്ടയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി. ഇന്നലെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍വച്ചാണ് റെയില്‍വേ പോലിസ് കുട്ടിയെ കണ്ടെത്തിയത്. എറണാകുളത്ത് പോയി തിരികെ എത്തിയപ്പോഴാണ് വിദ്യാര്‍ഥി പോലിസിന്റെ മുന്നില്‍പ്പെട്ടത്.

ബാലുശ്ശേരി നന്മണ്ട ഗള്‍ഫ് റോഡ് സ്വദേശിയായ വിദ്യാര്‍ഥിയെ കഴിഞ്ഞ ദിവസമാണ് കാണാതായത്. നൈറ്റ് ക്ലാസ് ഉണ്ടെന്ന് വീട്ടില്‍ അറിയിച്ചിരുന്നെങ്കിലും കുട്ടി സ്‌കൂളിലോ വീട്ടിലോ എത്തിയിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. കാണാതായ ശേഷം വിദ്യാര്‍ഥി ബസില്‍ യാത്ര ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ സ്‌റ്റേഷനുകളിലും കുട്ടിയുടെ ചിത്രം കൈമാറി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

സ്‌കൂളില്‍ വച്ച് സഹപാഠികളുമായി തര്‍ക്കങ്ങള്‍ ഉണ്ടായതായാണ് വിവരം. വിദ്യാര്‍ഥി സുരക്ഷിതനാണെന്നും തുടര്‍ നടപടികള്‍ക്ക് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കുമെന്നും പോലിസ് അറിയിച്ചു.

Tags: