ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍; ശബരിമല തന്ത്രി ബ്രാഹ്്മണ രാക്ഷസന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടും എന്താണ് ഇറങ്ങിപ്പോവാത്തത്

ജാതിപ്പിശാചിന്റെ പ്രതീകമായ തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണരാക്ഷസനാണെന്നായിരുന്നു മന്ത്രിയുടെ രൂക്ഷവിമര്‍ശനം.

Update: 2019-01-05 06:54 GMT

തിരുവനന്തപുരം: യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ സന്നിധാനത്ത് ശുദ്ധിക്രിയ നടത്തിയ ശബരിമല തന്ത്രിക്കെതിരേ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍ രംഗത്ത്. ജാതിപ്പിശാചിന്റെ പ്രതീകമായ തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്്മണരാക്ഷസനാണെന്നായിരുന്നു മന്ത്രിയുടെ രൂക്ഷവിമര്‍ശനം. ബ്രാഹ്മണന്‍ രാക്ഷസനായാല്‍ ഏറ്റവും ഭീകരനായിരിക്കും. രാക്ഷസീയമായ ഹൃദയമാണ് അദ്ദേഹത്തിനുള്ളത്. അയ്യപ്പനോട് അദ്ദേഹത്തിന് ബഹുമാനവും കൂറുമില്ല. അയ്യപ്പന്റെ കൃപ കൊണ്ടാണ് അന്നം കഴിക്കുന്നതെന്ന ഓര്‍മയില്ല. ആ ഡെയിറ്റിയെ അയാളെ ഏല്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍, താന്‍ പൂട്ടിയിട്ട് പാട്ടിന് പോവുമെന്നാണ് പറയുന്നത്. ആരെ ഏല്‍പ്പിച്ചിട്ട് പോവുമെന്ന്. മുഖ്യമന്ത്രിക്കോ ദേവസ്വം ബോര്‍ഡിനോ അയ്യപ്പനെ നോക്കാന്‍ പറ്റുമോ. രാജിവച്ചുപോവുമെന്ന് പറഞ്ഞാല്‍ പോരെ. അപ്പോള്‍ ആ സ്ഥാനം വേണം, താക്കോല്‍ വേണം. അതാണ് കാര്യം. ശബരിമല തന്ത്രിയില്‍നിന്നാണ് അയ്യപ്പനിലേക്ക് ദൈവികശക്തി പ്രവഹിക്കുന്നതെന്നാണല്ലോ പറയുന്നത്. എന്ത് പ്രവഹിക്കാന്‍. ഒരു സഹോദരിയെ മ്ലേഛയായി കരുതി ശുദ്ധികലശം നടത്തിയ മനുഷ്യന്‍ മനുഷ്യനാണോ. തന്ത്രി ഒരു മനുഷ്യത്വമില്ലാത്ത ആളാണ്.

ഇറങ്ങിപ്പോവാന്‍ പറഞ്ഞാല്‍ അന്നേരം പോവണ്ടേ. മുഖ്യമന്ത്രിയാണ് ഇറങ്ങിപ്പോവാന്‍ പറഞ്ഞത്. എന്താ പോവാത്തത്. കാരണം അവിടെയിരുന്നാലാണ് പ്രയോജനമെന്ന് അദ്ദേഹത്തിനറിയാം. ബ്രാഹ്്മണ മേധാവിത്വത്തിന്റെ വീഴ്ചയുടെ ആരംഭമാണിത്. കുറേക്കാലമെടുത്താലും വീഴും. ഇവരിലുള്ള വിശ്വാസമില്ലാതായെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രങ്ങളിലൊക്കെ എല്ലാ സമുദായക്കാരും കയറാന്‍ പോവുകയാണ്. ബ്രാഹ്ണസമൂഹം പയസായ ഒരു വിഭാഗമാണ്. പൂന്താനത്തെയാണല്ലോ ഒരു ഐഡിയല്‍ ബ്രാഹ്്മണനായി കാണുന്നത്. അദ്ദേഹമെഴുതിയില്ലോ ബ്രാഹ്മണരിലെ അഹങ്കാരികളെപ്പറ്റി. ഈ തന്ത്രിയെപ്പോലുള്ള അഹങ്കാരികളെപ്പറ്റി എഴുതിയില്ലേ. തന്ത്രി അവിടെ നിന്ന് മാറിപ്പോവണമെന്നാണ് ന്യായമായ ഒരു അഭിപ്രായം. കഴുത്തിന് പിടിച്ച് പുറത്താക്കുകയൊന്നുമില്ല. അദ്ദേഹം കാണിച്ചത് തികച്ചും തെറ്റാണ്. അതില്‍ അയിത്തമുണ്ട്. സര്‍ക്കാരല്ല തന്ത്രിയെ മാറ്റേണ്ടത്. അത് ബോര്‍ഡാണ്. തന്ത്രിസ്ഥാനം പിന്‍വലിക്കാന്‍ സര്‍ക്കാരിനല്ല, ആര്‍ക്കും അധികാരമില്ല. പക്ഷേ, ശബരിമലയിലെ തന്ത്രിയായിരിക്കണമോ എന്നുള്ളത് ദേവസ്വംബോര്‍ഡിന് തീരുമാനിക്കാമെന്നും സുധാകരന്‍ പറഞ്ഞു.


Tags: