ഭരണഘടനയെ നിന്ദിച്ച മന്ത്രി സജി ചെറിയാന്‍ രാജിവെക്കുക; കോഴിക്കോട് നഗരത്തില്‍ എസ്ഡിപിഐ പ്രതിഷേധസംഗമം

Update: 2022-07-06 09:48 GMT

കോഴിക്കോട്: ഭരണഘടനയെ നിന്ദിച്ചും ഡോ. ബി ആര്‍ അംബേദ്കറെ അവഹേളിച്ചും സംസാരിച്ച മന്ത്രി സജി ചെറിയാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കോഴിക്കോട് നഗരത്തില്‍ പ്രതിഷേധിക്കുന്നു. ഇന്ന് വൈകീട്ട് 7.30നാണ് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്റ് പരിസരത്ത് പ്രതിഷേധസംഗമവും അമ്പ്രലമാര്‍ച്ചും നടത്തുക.

പ്രതിഷേധസംഗമം സംസ്ഥാന സെക്രട്ടറി അജ്മല്‍ ഇസ് മായില്‍ ഉദ്ഘാടനം ചെയ്യും.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേതെന്നും, ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയില്‍ എഴുതിവച്ചിട്ടുണ്ട്, സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം എന്നായിരുന്നു സജി ചെറിയാന്റെ വാക്കുകള്‍. സജി ചെറിയാനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Tags: