മരിക്കാനായ തന്റെ ജീവന്‍ കിട്ടിയത് സ്വകാര്യ ആശുപത്രിയില്‍ പോയപ്പോളെന്ന് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സ കൊണ്ട് മരിക്കാനായ തന്റെ ജീവന്‍ കിട്ടിയത് സ്വകാര്യ ആശുപത്രിയില്‍ പോയപ്പോളെന്ന് മന്ത്രി സജി ചെറിയാന്‍. 2019ല്‍ ഡെങ്കിപ്പനി വന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ചികില്‍സ കൊണ്ട് മരിക്കാന്‍ സാധ്യത വന്നപ്പോള്‍ തന്നെ അമൃത ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെന്നും അവിടെ 14 ദിവസം ബോധമില്ലാത്ത അവസ്ഥയില്‍ നിന്നു ജീവിതത്തിലേക്ക് തിരിച്ചു വന്നെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സ്വകാര്യ ആശുപത്രിയിലെ ചികില്‍സയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
ഗവണ്‍മെന്റില്‍ മികച്ച സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ ആളുകള്‍ സ്വകാര്യ ആശുപത്രിയിലേക്കു പോകും. മന്ത്രിമാരെന്താ സ്വകാര്യ ആശുപത്രിയിലേക്ക് പോകാറില്ലേ എന്നും മന്ത്രി ചോദിച്ചു. സ്വകാര്യ ആശുപത്രിയില്‍ കൂടുതല്‍ ടെക്‌നോളജി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം, സര്‍ക്കാര്‍ ആശുപത്രിയെ പുകഴ്ത്തി സംസാരിച്ചതിനു പിന്നാലെയാണ് പ്രതികരണം.
സര്‍ക്കാര്‍ ആശുപത്രി കൂടുതല്‍ ആളുകള്‍ വരുന്ന ഇടമാണെന്നും അപ്പോള്‍ അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഇല്ലാതെ വരുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് അപകടവുമായി ബന്ധപ്പെട്ടുളള പ്രതിഷേധത്തില്‍ നിന്നു വീണാജോര്‍ജിനെ സംരക്ഷിക്കാനുതകുന്ന രീതിയില്‍ സംസാരിക്കവെയാണ് സജി ചെറിയാന്‍ ഇത്തരത്തിലുള്ള പരാമര്‍ശം ഉന്നയിച്ചത്. കൂടാതെ മന്ത്രിക്കെതിരേ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിനു വട്ടാണെന്നും അധികാരത്തിലെത്താനുള്ള വ്യഗ്രത അവരെ ഭ്രാന്ത് പിടിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
