പത്ത് വര്‍ഷം പണിയെടുത്തവരെ പെട്രോളൊഴിച്ച് കത്തിക്കണോ? സെക്രട്ടറിയേറ്റ് സമരം പ്രഹസനമെന്നും ഇപി ജയരാജന്‍

സമരം ചെയ്യുന്നവരില്‍ ഭൂരിപക്ഷവും പേര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അല്ലെന്നും യൂത്ത് കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരുമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Update: 2021-02-11 14:23 GMT

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം പ്രഹസനവും അഭിനയവുമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. സമരം ചെയ്യുന്നവരില്‍ ഭൂരിപക്ഷവും പേര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അല്ലെന്നും യൂത്ത് കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരുമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ശരിയായ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ സര്‍ക്കാരിന് ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ സാധിക്കൂ. ചട്ടം പാലിക്കാതെ നിയമനം നടത്തിയെന്ന ആരോപണമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. പത്തിലേറെ കൊല്ലം ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരെ വഴിയാധാരമാക്കാന്‍ സാധിക്കുമോ? അവരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ശരിയാണെന്നും ഇ പി ജയരാജന്‍ അവകാശപ്പെട്ടു.

ഈ മാസം 20ന് മുമ്പ് വിജ്ഞാപനം ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സമരക്കാര്‍ പറഞ്ഞു. അതേസമയം റാങ്ക് ഹോള്‍ഡര്‍മാര്‍ക്ക് പിന്തുണയുമായെത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായി. ബിജെപി നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. സമരക്കാര്‍ക്കിടയിലേക്ക് പ്രയോഗിച്ച കണ്ണീര്‍ വാതക ഷെല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് വീണതും വാക്കുതര്‍ക്കത്തിന് ഇടയാക്കി.

കാലാവധി തീരുന്ന സിവില്‍ പോലിസ് ഓഫീസര്‍ പട്ടികയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ വായ മൂടിക്കെത്തിയാണ് പ്രതിഷേധിച്ചത്. യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസിലെ പ്രതികള്‍ കൃത്രിമം നടത്തി റാങ്ക് പട്ടികയില്‍ പെട്ടതിനെത്തുടര്‍ന്ന് ഏറെനാള്‍ മരവിപ്പിച്ച പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്.

Tags:    

Similar News