വാര്‍ത്താ സമ്മേളനത്തിനിടെ മന്ത്രി കുഴഞ്ഞുവീണു; സംഭവം ആരോഗ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ
സ്‌റ്റോക്ക്‌ഹോം: മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വാര്‍ത്താസമ്മേളനത്തിനിടെ സ്വീഡന്റെ പുതിയ ആരോഗ്യമന്ത്രി എലിസബത്ത് ലാന്‍ കുഴഞ്ഞുവീണു. ചുമതലയേറ്റതിന് ശേഷം മന്ത്രിമാരോടൊപ്പം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്‌റ്റേഴ്‌സണ്‍, ക്രിസ്ത്യന്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി നേതാവ് എബ്ബ ബുഷ് എന്നിവര്‍ക്കൊപ്പം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ലാന്‍. സംസാരം അവസാനിപ്പിച്ച് നിവര്‍ന്നതും അവര്‍ വേദിയില്‍ തന്നെ കുഴഞ്ഞുവീണു.
മാധ്യമപ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ഉടന്‍ തന്നെ അരികിലെത്തി സഹായം നല്‍കിയതിനാല്‍ ഗുരുതര പരിക്കുകള്‍ ഒന്നും സംഭവിച്ചില്ല. പിന്നീട് ലാന്‍ സ്വയം മടങ്ങിയെത്തി. രക്തത്തിലെ പഞ്ചസാരയുടെ നില താഴ്ന്നതാണ് കുഴഞ്ഞുവീഴാനിടയായതെന്ന് അവര്‍ വ്യക്തമാക്കി.
മുന്‍ ആരോഗ്യമന്ത്രി അക്കൊ ആന്‍കാബെര്‍ഗ് ജോഹാന്‍സണ്‍ രാജിവെച്ചതിന് പിന്നാലെയാണ് ലാന്‍ ചുമതലയേറ്റത്. 2019 മുതല്‍ ഗോതന്‍ബര്‍ഗ് മുന്‍സിപ്പല്‍ കൗണ്‍സിലറായി സേവനമനുഷ്ഠിച്ചിട്ടുള്ള ലാന്‍, കാബിനറ്റ് ഓഫീസിന്റെ ഡെപ്യൂട്ടി ഡയറക്ടറായും ആരോഗ്യ പരിപാലന ഉത്തരവാദിത്ത സമിതിയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.