ആലപ്പുഴയില്‍ പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം

Update: 2022-09-30 10:56 GMT

ആലപ്പുഴ: വലിയ കലവൂരിലുള്ള പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. മെത്ത, പ്ലാസ്റ്റിക് കസേര എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിരക്ഷാസേന എത്തുന്നതിന് മുമ്പ് തന്നെ തീപ്പിടിത്തമുണ്ടായ ഭാഗം കത്തിയമര്‍ന്നു. കൂടാതെ കെട്ടിടത്തിന്റെ മേല്‍ക്കൂരയും ഭിത്തികളും തകര്‍ന്ന് വീണു. സമീപത്തെ കയര്‍ സൊസൈറ്റിയിലേക്കും മറ്റൊരു സ്ഥാപനത്തിലേക്കും തീ പടര്‍ന്നതായാണ് സംശയം.

നാട്ടുകാരും അഗ്‌നിരക്ഷാസേനയും തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. രണ്ടേക്കറോളം സ്ഥലത്താണ് ഗോഡൗണ്‍ സ്ഥിതിചെയ്യുന്നത്. പ്ലാസ്റ്റിക്ക് കസേരകളും റബറൈസ്ഡ് മെത്തകളും സൂക്ഷിച്ചിരുന്ന സ്ഥലമായതിനാലാണ് തീ ആളിപ്പടര്‍ന്നത്. തീ ആളിപ്പടരാന്‍ തുടങ്ങി 25 മിനിട്ടിന് ശേഷമാണ് അഗ്‌നിരക്ഷാസേന എത്തിച്ചേര്‍ന്നതെന്നും വലിയ അഗ്‌നിബാധയുണ്ടായിട്ടും തീയണയ്ക്കാന്‍ പര്യാപ്തമായ സംവിധാനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു.

Tags:    

Similar News