മാസ് ടെസ്റ്റിങ് ഫലം ചെയ്യില്ല; ബദല്‍ നിര്‍ദേശങ്ങളുമായി കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Update: 2021-04-22 07:09 GMT

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കൂട്ടപ്പരിശോധനയ്‌ക്കെതിരേ ഡോക്ടര്‍മാരുടെ സംഘടന. കൂട്ടപ്പരിശോധന കൊവിഡ് പരിശോധനാഫലം വൈകിക്കാനും രോഗം പടര്‍ന്നുപിടിക്കാനും ഇടയാക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍മാരുടെ സംഘടനയായ കെജിഎംഒഎ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

കൂടുതല്‍ പരിശോധന വേണ്ടതാണെങ്കിലും സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തില്‍ വേണ്ടത്ര സമ്മര്‍ദ്ദം ആയിക്കഴിഞ്ഞു. ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോള്‍ ചെയ്യുന്നത്. പരിശോധനാഫലം വരാന്‍ ദിവസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ ആഴ്ചയിലെ കൂട്ടപ്പരിശോധനയുടെ ഫലം ഇപ്പോഴും പൂര്‍ണമായി ലഭിച്ചിട്ടില്ല. ഇത് കൂട്ടപ്പരിശോധനയുടെ ലക്ഷ്യത്തെത്തന്നെ തകര്‍ക്കുന്നതാണ്. മാത്രമല്ല ചികിത്സാര്‍ത്ഥം ചെയ്യേണ്ട പരിശോധനയുടെ ഫലം യഥാസമയത്ത് ലഭ്യമാവുന്നതിനെയും പ്രതികൂലമായി ബാധിക്കുന്നു. സാംപിള്‍ എടുക്കാനുള്ള വിഭവശേഷിയും വകുപ്പില്‍ പരിമിതമാണ്. ഈ വസ്തുതകള്‍ പരിഗണിക്കാതെ വീണ്ടും കൂട്ടപ്പരിശോധന നടത്താനുള്ള തീരുമാനം ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയപ്പെടുന്നതായി ഡോക്ടര്‍മാരുടെ മുഖ്യമന്ത്രിക്കുള്ള കത്തില്‍ പറയുന്നു.

പരിശോധന രോഗലക്ഷണമുള്ളവരിലും അവരുടെ പ്രാഥമിക സമ്പര്‍ക്കത്തിലേക്കും ടാര്‍ഗറ്റ് ഗ്രൂപ്പിലേക്കും നിജപ്പെടുത്തണമെന്നാണ് ഡോക്ടര്‍മാര്‍ മുന്നോട്ടുവയ്ക്കുന്ന ബദല്‍നിര്‍ദേശം. കൂടാതെ മുഴുവന്‍ ജനങ്ങളും രോഗവ്യാപനം തടയുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.

പരിശോധന കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങള്‍ അടിയന്തിരമായി ഒരുക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. കൂടുതല്‍ ആന്റിജന്‍ ടെസ്റ്റ് കിറ്റിന്റെ ലഭ്യതയും ഉറപ്പ് വരുത്തണം. സര്‍ക്കാര്‍ സംവിധാനത്തിലെ സ്രവ ശേഖരണം ലാബ് ടെക്‌നീഷ്യന്‍മാര്‍, ദന്തല്‍ ഡോക്ടര്‍മാര്‍, സ്റ്റാഫ് നേഴ്‌സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കുകയും ഇതിന് അധികമായി വേണ്ട വിഭവശേഷി ഉറപ്പു വരുത്തുകയും വേണം. ഡാറ്റ എന്‍ട്രി ഓപറേറ്റര്‍മാരുടെ കുറവ് വലിയ തോതില്‍ ഈ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതും പരിഹരിക്കപ്പെടണം.

വീട്ടില്‍ തന്നെയുള്ള ക്വാറന്റീന്‍ പ്രോത്സാഹിപ്പിക്കുകയും വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി കേന്ദ്രങ്ങള്‍ തുടങ്ങുകയും വേണം. ഇതിലൂടെ മാനവ വിഭവശേഷി ഉപയോഗം കുറക്കാന്‍ സാധിക്കും. ക്വാറന്റീന്‍ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ വകുപ്പിന് കൂടി വിഭജിച്ച് നല്‍കണം- തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

Tags: