റംലയുടെ വീടെന്ന കിനാവ് പൂര്‍ത്തിയാക്കി മാസ് ക്ലബ്ബ് പ്രവര്‍ത്തകര്‍

Update: 2020-06-01 12:26 GMT

പെരിന്തല്‍മണ്ണ: കാത്തിരിപ്പിനൊടുവില്‍ റംലക്കും കുടുംബത്തിനും അന്തിയുറങ്ങാന്‍ വീടായി. വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മണ്ണാര്‍മല പീടികപ്പടിയില്‍ താമസിക്കുന്ന ഇന്താലി വീട്ടില്‍ റംലക്ക് വീടെന്ന സ്വപ്നം സഫലമാക്കി നല്‍കിയത് പ്രദേശത്തെ മാസ് ക്ലബ്ബ് പ്രവര്‍ത്തകരാണ്. നിര്‍ധന കുടുംബത്തിന്റെ ശോച്യാവസ്ഥയിലുള്ള വീട് പൊളിച്ചുമാറ്റി അഞ്ച് മാസം കൊണ്ടാണ് ചോരാത്ത വീട് നിര്‍മിച്ചു നല്‍കിയത്.

സുമനസ്സുകളുടെ സഹായവും ക്ലബ്ബ് പ്രവര്‍ത്തകരുടെ അദ്ധ്വാനവുമാണ് ഭര്‍ത്താവും രണ്ടു പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന് വീട് യാഥാര്‍ഥ്യമായത്. ആറ് ലക്ഷത്തോളം രൂപ ചെലവിലാണ് വീട് നിര്‍മിച്ചത്.

കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫിറോസ് കാരാടന്‍, ചെയര്‍മാന്‍ അഷ്‌റഫ് കാരാടന്‍, ക്ലബ്ബ് സെക്രട്ടറി എ. ഫാസില്‍, പ്രസിഡണ്ട് കെ. മുബാറക് തുടങ്ങിയവര്‍ ചേര്‍ന്ന് റംലക്ക് താക്കോല്‍ കൈമാറി.

വീട് നിര്‍മാണത്തിന് കെ. മുഹ്യുദ്ദീന്‍, പി. കെ. ഷിഹാബ്, കെ. ഷംസാദ്, എ. ആമിര്‍, എം. അസ്‌കര്‍, കെ. നൗഷാദ്, എന്‍.കെ. ജാബിര്‍, കെ. അന്‍സാരി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Similar News