തിരുവനന്തപുരത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി ജോയ്
തിരുവനന്തപുരം: തിരുവനന്തപുരത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം. ഫണ്ട് തട്ടിപ്പിന് തരം താഴ്ത്തിയ നേതാവിന് വീണ്ടും പദവി നല്‍കിയെന്നാണ് ആരോപണം. രക്തസാക്ഷി ഫണ്ടില്‍ നിന്ന് മുന്‍ ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ അഞ്ച് ലക്ഷം വകമാറ്റിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതു കണ്ടെത്തിയപ്പോള്‍ ഇയാളെ തരം താഴ്ത്തിയിരുന്നു. എന്നാല്‍ തരം താഴ്ത്തിയ ലോക്കല്‍ സെക്രട്ടറിക്ക് സിഐടിയു ജില്ലാ സെക്രട്ടറി പദവി നല്‍കുകയായിരുന്നു. മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇതിന് പിന്നിലെന്നുമാണ് ആരോപണം.
2008 ലാണ് വഞ്ചിയൂരില്‍ വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ മരണത്തിന് പിന്നാലെയാണ് പാര്‍ട്ടി ഫണ്ട് സ്വരൂപിച്ചത്. പത്തുലക്ഷം രൂപയാണ് രക്ഷസാക്ഷി ഫണ്ടായി സ്വരൂപിച്ചത്. എന്നാല്‍ അഞ്ചു ലക്ഷം രൂപ വിഷ്ണുവിന്റെ മാതാവിനും ബാക്കി അഞ്ചു ലക്ഷം പാര്‍ട്ടിയുടെ അക്കൗണ്ടിലും സൂക്ഷിക്കുകയായിരുന്നു. ഈ പണം രവീന്ദ്രന്‍ സ്വന്തം ആഴവശ്യങ്ങള്‍ക്കുപയോഗിച്ചെന്നാണ് വിഷ്ണുവിന്റെ സഹോദരന്‍ വിനോദ് പറയുന്നത്. സംഭവം അറിഞ്ഞപ്പോള്‍ പരാതി നല്‍കുകയും രവീന്ദ്രനെ തരംതാഴ്ത്തുകയും ചെയ്‌തെന്ന് സഹോദരന്‍ പറയുന്നു. എന്നാല്‍ പിന്നീട് ഇയാളെ സിഐടിയുവിന്റെ ജില്ലാ സെക്രട്ടറിയാക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത സഹോദരന്‍ വിനോദും ഇപ്പോള്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്.
എന്നാല്‍ ഈ ആരോപണവും കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ചതു പോലെ തന്നെ അടിസ്ഥാന രഹിതമാണെന്ന കാഴ്ചപ്പാടിലാണ് സിപിഎം നേതാക്കള്‍. ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞത്, ആരോപണത്തില്‍ കഴമ്പില്ലെന്നാണ്. കേസ് നടത്തിപ്പിന് മാറ്റി വച്ച തുകയാണ് അതെന്നും പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യാതെ വക്കീലന്മാര്‍ക്ക് പണം കൈമാറിയെന്നതാണ് പരാതിയെന്നുമാണ് ജോയിയുടെ പ്രതികരണം.