യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് പിടിയില്‍

Update: 2025-08-20 05:40 GMT

കൊഴിഞ്ഞാമ്പാറ(പാലക്കാട്): യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകന്‍ സന്തോഷിനെയാണ് (42) ഇന്നലെ രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ മൂങ്കില്‍മട സ്വദേശിയായ യുവാവ് വീട്ടില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.അവിവാഹിതനായ സന്തോഷിന് വിവാഹിതയായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. ഇന്നലെ രാത്രി യുവതിയാണു പൊലീസ് സ്‌റ്റേഷനില്‍ എത്തി വിവരം അറിയിച്ചത്. ഭര്‍ത്താവ് സന്തോഷിനെ മര്‍ദിച്ചതായി പറഞ്ഞെന്നും ചെന്നു നോക്കിയപ്പേള്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടെന്നുമാണ് യുവതി പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സന്തോഷിനെ വീടിനകത്ത് തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു ഡോക്ടര്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. നെറ്റിയില്‍ മര്‍ദനമേറ്റതിന്റെ പാടുണ്ട്. ടിവിയില്‍ കണക്ട് ചെയ്യുന്ന കേബിളും മൃതദേഹത്തിനു സമീപത്തായി കണ്ടെത്തി. യുവതിയുടെ ഭര്‍ത്താവ് മൂങ്കില്‍മട സ്വദേശി ആറുച്ചാമിയെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വരികയാണ്.

Tags: