പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
മലപ്പുറം: ബാലികയെ കടയില്‍ വിളിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. പൊന്നാനിയിലെ പൊടി മില്ലില്‍ ജോലിക്കാരനായ ഷംസു (51) ആണ് പിടിയിലായത്.
കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ശേഷം പ്രതി ഒളിവിലായിരുന്നു. 20 ദിവസത്തോളം നാഗുര്‍, ഏര്‍വാടി, മുത്തുപേട്ട ദര്‍ഗാ പ്രദേശങ്ങളില്‍ ഒളിച്ചിരുന്ന ഷംസുവിനെ തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിന്നാണ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയിരുന്ന ഇയാളെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് പോലിസ് കണ്ടെത്തിയത്.
പൊന്നാനി ഇന്‍സ്പെക്ടര്‍ എസ് അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. 10 വര്‍ഷം മുന്‍പും സമാനമായ കേസില്‍ ഇയാള്‍ പ്രതിയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.