എതിരാളികളെ രാഷ്ട്രീയമായി നേരിടാനാവാത്ത ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പകരം വീട്ടുന്നുവെന്ന് മമതാ ബാനര്‍ജി

Update: 2021-08-28 12:47 GMT

കാളീഘട്ട്: ബിജെപിക്ക് എതിരാളികളെ രാഷ്ട്രീയമായി നേരിടാനുള്ള കഴിവില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി. അത് സാധ്യമാവാത്തതിനാല്‍ അവര്‍ തങ്ങള്‍ക്കെതിരേ സിബിഐ, ഇ ഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. മമതയുടെ മരുമകനും തൃണമൂല്‍ നേതാവുമായ അഭിഷേക് ബാനര്‍ജിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും കല്‍ക്കരി അഴിമതിക്കേസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടിസ് അയച്ചിരുന്നു.

''ഞങ്ങളുടെ മുന്‍ഗണന ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കലാണ്. രാഷ്ട്രീയമായി ഡല്‍ഹിയിലെ ബിജെപി സര്‍ക്കാരിന് ഞങ്ങളെ നേരിടാനാവില്ല. പകരം അവര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു. കുറച്ചു പേര്‍ ഞങ്ങളെ വിട്ടുപോയി. പക്ഷേ, അവര്‍ തിരികെവന്നു''- തൃണമൂല്‍ ഛത്ര പരിഷത്തിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച് വിളിച്ചുചേര്‍ത്ത ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കല്‍ക്കരി അഴിമതി ആരോപണക്കേസില്‍ അഭിഷേക് ബാനര്‍ജിയോട് സപ്തംബര്‍ മൂന്നിനും ഭാര്യ രുചിര ബാനര്‍ജിയോട് സപ്തംബര്‍ 1നും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമായി ഹാജരാവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

''കല്‍ക്കരി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പിന്നെ എന്തിനാണ് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നത്? കല്‍ക്കരി മാഫിയകളുടെ വീടുകളില്‍ താമസിച്ച നേതാക്കളുടെ പേര് വിവരങ്ങള്‍ എനിക്കുപോലും അറിയാം. അത് ഞാന്‍ അമിത് ഷാക്ക് അയച്ചുകൊടുക്കണോ? -മമത ചോദിച്ചു. 

 ''രാഷ്ട്രീയമായി നേരിടേണ്ടിടങ്ങളില്‍ സിബിഐ, ഇ ഡി എന്നീ ഏജന്‍സികളെ ഉപയോഗിക്കുന്ന രീതി ഞങ്ങള്‍ക്കില്ല''- മമത പറഞ്ഞു.

പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിനു ശേഷം നടന്ന സംഘര്‍ഷങ്ങളില്‍ സിബിഐ ഏതാനും ആഴ്ച മുമ്പാണ് അന്വേഷണം തുടങ്ങിയത്.

സിബിഐ നടത്തുന്ന അന്വേഷണങ്ങള്‍ക്കുവേണ്ടി പോകുന്ന സംഘത്തെ നയിക്കുന്നത് ബിജെപി പ്രവര്‍ത്തകരാണെന്നും മമത പറഞ്ഞു. ഇത് പ്രതികാര രാഷ്ട്രീയമാണെന്നും അവര്‍ ആരോപിച്ചു.

Tags: