'പൗരത്വഭീതി' പരത്തി, ബംഗാള്‍ പിടിക്കാന്‍ ബിജെപി

വരുന്ന തെരഞ്ഞെടുപ്പില്‍ നുഴഞ്ഞുകയറ്റത്തെ മുഖ്യവിഷയമാക്കാനുള്ള അമിത് ഷായുടെ നിലപാടുകളോട് മമത ശക്തമായ രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. പൗരത്വ പട്ടിക തയ്യാറാക്കാനും ജയിലുകള്‍ നിര്‍മ്മിക്കാനുമുള്ള കേന്ദ്രത്തിന്റെ നീക്കത്തെ പിന്തുണക്കില്ലെന്ന് മമത വ്യക്തമാക്കി.

Update: 2019-10-23 03:34 GMT

ബംഗാളില്‍ മമതയെ ഒതുക്കാന്‍ ദേശീയ പൗരത്വ പട്ടികയുമായി ബിജെപി രംഗത്ത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പൗരത്വപട്ടിക തയ്യാറാക്കി ബംഗാളില്‍ പിടിമുറുക്കാനുള്ള ബിജെപിയുടെ രഹസ്യ അജണ്ട പുറത്തുവിട്ടത്. നിലവില്‍ ബംഗാളില്‍ അധികാരത്തിലിരിക്കുന്ന തൃണമൂലിനെ തറപറ്റിക്കാനുള്ള ഏറ്റവും ശക്തമായ ആയുധമായാണ് പൗരത്വപട്ടികയെ ബിജെപി കണക്കാക്കുന്നത്. ബംഗ്ലാദേശി 'നുഴഞ്ഞുകയറ്റത്തെ' 2021 ല്‍ നടക്കാന്‍ പോകുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമാക്കാനാണ് ബിജെപിയുടെ നീക്കം.

2017 ലെ ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബംഗ്ലാദേശി തടവുകാരുള്ള സംസ്ഥാനം ബംഗാളാണ്. പൗരത്വ പട്ടിക തയ്യാറാക്കാനുള്ള കാരണമായി ബിജെപി ചൂണ്ടിക്കാട്ടുന്നതും ഇതാണ്്. ക്രൈ റെക്കോഡ് ബ്യൂറോയുടെ കണക്കനുസരിച്ച് ദേശീയതലത്തില്‍ ശിക്ഷ അനുഭവിക്കുന്ന വിദേശ തടവുകാരില്‍ 63 ശതമാനവും വിചാരണത്തടവുകാരില്‍ 38.6 ശതമാനവും ബംഗ്ലാദേശികളാണ്. അവരില്‍ ഭൂരിഭാഗവും ബംഗാളിലെ വിവിധ ജയിലുകളിലാണുള്ളത്. മൊത്തം വിദേശതടവുകാരില്‍ 61.9 ശതമാവും ബംഗാളിലാണ്. വിചാരണത്തടവുകാരും ഇതേ സംസ്ഥാനത്താണ് കൂടുതല്‍, അത് 25.6% വരും. അതേസമയം, ഇതേ കാലയളവില്‍ ഇന്ത്യയില്‍ ശിക്ഷ അനുഭവിക്കുന്നവരും വിചാരണത്തടവുകാരുമായ പാകിസ്താനികള്‍ കൂടുതലും ഗുജറാത്തിലാണ്. ഗുജറാത്തില്‍ മൊത്തം 101 വിദേശ തടവുകാരില്‍ 59 പേര്‍ പാകിസ്താന്‍കാരാണ്. 

വരുന്ന തെരഞ്ഞെടുപ്പില്‍ നുഴഞ്ഞുകയറ്റത്തെ മുഖ്യവിഷയമാക്കാനുള്ള അമിത് ഷായുടെ നിലപാടുകളോട് മമത ശക്തമായ രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. പൗരത്വ പട്ടിക തയ്യാറാക്കാനും ജയിലുകള്‍ നിര്‍മ്മിക്കാനുമുള്ള കേന്ദ്രത്തിന്റെ നീക്കത്തെ പിന്തുണക്കില്ലെന്ന് മമത വ്യക്തമാക്കി. പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് നിരവധി തടവറകളാണ് കോടികള്‍ ചെലവിട്ട് അസം പോലുള്ള സംസ്ഥാനങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. കര്‍ണ്ണാടകയിലും തടവറകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.

പൗരത്വ പട്ടിക തയ്യാറാക്കാനുള്ള നീക്കം ബംഗാളിലെ ജനങ്ങള്‍ക്കിടയില്‍ വലിയ ഭീതി വളര്‍ത്തുന്നതായും റിപോര്‍ട്ടുണ്ട്. സൊളദാന ഗ്രാമത്തിലെ ഇഷ്ടികക്കളത്തിലെ തൊഴിലാളി കമല്‍ ഹൊസ്സൈന്‍ മണ്ഡല്‍ പൗരത്വപട്ടിക തയ്യാറാക്കുന്ന നീക്കത്തില്‍ ഭയപ്പെട്ട് കഴിഞ്ഞ മാസം 22 ന് ആത്മഹത്യ ചെയ്തിരുന്നു. വീട്ടിനടുത്ത മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. 32 വയസ്സുള്ള കമലിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആധാര്‍ കാര്‍ഡിലെ പേരിന്റെ സ്‌പെല്ലിങ് തിരുത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു. ആധാര്‍ കാര്‍ഡില്‍ തെറ്റുവന്നതും ഭൂമിയുടെ രേഖകള്‍ നഷ്ടപ്പെട്ടതിലും കമല്‍ അസ്വസ്ഥനായിരുന്നുവെന്ന് ഭാര്യ ഖയ്‌റുന്‍ നഹര്‍ ബിബി പറയുന്നു.   

Tags: