ഗുജറാത്തിലെ കുട്ടികളില്‍ പോഷകാഹാരക്കുറവ്, റിപോര്‍ട്ട്

Update: 2026-03-17 10:28 GMT

ന്യൂഡല്‍ഹി: ഗുജറാത്തിലെ കുട്ടികളില്‍ പോഷകാഹാരക്കുറവ് ഗുരുതരമാണെന്ന് സൂചിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാകുന്നു. നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ വനിത-ശിശുക്ഷേമ വകുപ്പാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 30 ജില്ലകളിലായി 2,57,269 കുട്ടികള്‍ നിലവില്‍ പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ഏകദേശം നൂറില്‍ 40 കുട്ടികള്‍ക്കും ആവശ്യമായ പോഷകാഹാരം ലഭിക്കുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഗോത്രവിഭാഗക്കാരാണ്.

അതേസമയം ഈ കണക്കുകള്‍ തെറ്റായതാണെന്നും പുതുക്കിയ വിവരങ്ങള്‍ പരിഗണിക്കണമെന്നും വനിതാ-ശിശുവികസന മന്ത്രി മനിഷ വാകില്‍ പ്രതികരിച്ചു. 2026 ജനുവരിയിലെ പോഷന്‍ ട്രാക്കര്‍ കണക്കുകള്‍ പ്രകാരം 11.4 ശതമാനം കുട്ടികള്‍ മാത്രമാണ് പോഷകാഹാരക്കുറവ് നേരിടുന്തെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍ പോഷന്‍ ട്രാക്കര്‍ കണക്കുകളും ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ ഫലങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടു സംവിധാനങ്ങളും വ്യത്യസ്ത രീതിശാസ്ത്രങ്ങള്‍ പിന്തുടരുന്നതിനാല്‍ ഇവ തമ്മില്‍ നേരിട്ട് താരതമ്യം ചെയ്യാനാകില്ലെന്നും അവര്‍ പറയുന്നു. മന്ത്രിയുടെ ന്യായീകരണം ശാസ്ത്രീയമല്ലെന്നാണ് വിമര്‍ശനം.

ദേശീയ കുടുംബാരോഗ്യ സര്‍വേ വീടുകളെ അടിസ്ഥാനമാക്കി നടത്തുന്ന സമഗ്ര പഠനമായതിനാല്‍ അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്യാത്ത കുട്ടികളെയും ഉള്‍പ്പെടുത്തുന്നു. എന്നാല്‍ പോഷന്‍ ട്രാക്കര്‍ അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന തല്‍സമയ നിരീക്ഷണ സംവിധാനമാണ്. അതിനാല്‍ തന്നെ ഇതിലെ കണക്കുകള്‍ പൂര്‍ണമെല്ലെന്നആശങ്ക ഉയരുകയാണ്. ഇതിനിടെ വിവിധ പോഷകാഹാര സൂചികകളില്‍ ഗുജറാത്ത് പിന്നാക്ക നിലയിലാണ്. വളര്‍ച്ചാമുരടിപ്പ് നേരിടുന്ന കുട്ടികളുടെ വിഹിതം 32.7 ശതമാനമാണെന്നും, പെട്ടന്നുണ്ടാകുന്ന പോഷകക്കുറവ് 7.2 ശതമാനവും പൊതുവായ ഭാരക്കുറവ് 18.4 ശതമാനവുമാണെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പല സൂചികകളിലും സംസ്ഥാനത്തിന് പിന്നിലെ സ്ഥാനങ്ങളാണ്.

ഗുജറാത്ത് മാത്രമല്ല, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, അസം, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും കുട്ടികളില്‍ പോഷകാഹാരക്കുറവ് വ്യാപകമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവ യഥാര്‍ഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്.

Tags: