റിയാദില്‍ ജോലിക്കിടെ വീണു പരിക്കേറ്റ മലയാളി യുവാവ് മരിച്ചു

മസ്തിഷ്‌ക മരണം സംഭവിച്ചതിനാല്‍ ബന്ധുക്കള്‍ അവയവദാനത്തിന് അനുമതി നല്‍കിയിരുന്നു.

Update: 2020-11-27 01:35 GMT

റിയാദ്: ജോലിക്കിടയില്‍ കോണിയില്‍ നിന്നും വീണ് തലക്കു പരുക്കേറ്റ മലയാളി യുവാവ് ചികിത്സക്കിടെ മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശിയും വെളിമുക്കില്‍ താമസക്കാരനുമായ ഫൈസല്‍ പറമ്പന്‍ (42) ആണ് റിയാദ് മന്‍ഫുഅയിലെ അല്‍ഈമാന്‍ ആശുപത്രിയില്‍ മരിച്ചത്. സി.സി.ടിവി ടെക്‌നീഷ്യനായ ഫൈസല്‍ ഈ മാസം 16നാണ് മന്‍ഫുഅ ഹരാജിലുള്ള ഒരു കടയില്‍ കാമറകള്‍ ഘടിപ്പിക്കുന്നതിനിടയില്‍ മൂന്ന് മീറ്റര്‍ ഉയരമുള്ള കോണിയില്‍ നിന്ന് വീണത്. വീഴ്ച്ചയില്‍ തല കോണ്‍ക്രീറ്റ് പടിക്കെട്ടില്‍ ഇടിച്ചിരുന്നു. ഉടന്‍ ബോധം നഷ്ടമായ ഫൈസലിനെ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുന്‍പ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.


മസ്തിഷ്‌ക മരണം സംഭവിച്ചതിനാല്‍ ബന്ധുക്കള്‍ അവയവദാനത്തിന് അനുമതി നല്‍കിയിരുന്നു. മരണം സ്ഥിരീകരിച്ചതോടെ റിയാദിലെ ആശുപത്രിയില്‍ അവയവദാനം നടത്തി. അഞ്ചുപേര്‍ക്കാണ് ഫൈസലിന്റെ അവയവങ്ങള്‍ നല്‍കിയത്.


സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ ഫൈസല്‍ ചെമ്മാട് പ്രവാസി കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകനാണ്. പറമ്പന്‍ മൊയ്ദീന്‍, ഫാത്വിമ ബീവി എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ഫസീല യാറത്തുംപടി, മക്കള്‍: ഫസല്‍ നിഹാന്‍, ഫിസാന ഫെമി, ഫൈസന്‍ ഫൈസല്‍. സഹോദരന്‍ ശംസുദ്ദീന്‍ പറമ്പന്‍ റിയാദിലുണ്ട്. ഖബറക്കം റിയാദില്‍.




Tags:    

Similar News