ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

Update: 2025-08-02 06:33 GMT

ന്യൂഡല്‍ഹി: ചത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒമ്പത് ദിവസമായി ജയിലില്‍ കഴിയുന്ന സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവര്‍ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായത്. ഇപ്പോള്‍ ഒമ്പതാം നാള്‍ ആണ് ജാമ്യം ലഭിക്കുന്നത്.

ഛത്തീസ്ഗഡ് സര്‍ക്കാരും ബജ്രംഗ്ദളിന്റെ അഭിഭാഷകരും കന്യാസ്ത്രീകളുടെ ജാമ്യത്തെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്തിരുന്നു. ഒരു തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്തവരാണെന്നും ഭരണ ഘടന മൂല്യങ്ങള്‍ മാനിച്ച് കന്യാസ്ത്രീകള്‍ക്ക് വേഗത്തില്‍ ജാമ്യം നല്‍കണമെന്നാണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് കന്യാസ്ത്രീകളുടെ കുടുംബം ബിലാസ്പുര്‍ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, 50,000 രൂപ വീതം കെട്ടിവയ്ക്കണം ,രണ്ടുപേര്‍ ജാമ്യം നില്‍ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ഇന്നലെ ഉച്ചയ്ക്കുശേഷം കേസ് പരിഗണിച്ച കോടതി 15 മിനിറ്റോളം ഇരുപക്ഷത്തെയും വാദം കേട്ടശേഷമാണ് ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിവച്ചത്.

അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍.  കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ഉയര്‍ന്നിരുന്നു.കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇടപെടണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ആവശ്യപ്പെട്ടിരുന്നു.

Tags: