മലപ്പുറം ജില്ലാ വിഭജനം അനിവാര്യം: മന്ത്രി വി അബ്ദുറഹിമാന് എസ്ഡിപിഐ നിവേദനം നല്‍കി

Update: 2021-06-13 06:38 GMT

പരപ്പനങ്ങാടി: മലപ്പുറം ജില്ലാ വിഭജനം അനിവാര്യമാണെന്നും ജില്ലയുടെ വികസനം പൂര്‍ണ്ണതയിലെത്താന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും കാണിച്ച് എസ്ഡിപിഐ ജില്ലാ കമ്മറ്റി, മന്ത്രി വി അബ്ദുറഹിമാന് നിവേദനം നല്‍കി. പതിനാല് ജില്ലകളില്‍ വികസന കാര്യത്തില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന മലപ്പുറത്ത് 48 ലക്ഷത്തിലധികം ജനങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ആരോഗ്യരംഗത്തും മലപ്പുറം പിന്നിലാണ്. ആലപ്പുഴയില്‍ 600 പേര്‍ക്ക് ഒരു ബെഡ് ഉള്ളപ്പോള്‍ മലപ്പുറത്ത് അത് 1,990 പേര്‍ക്ക് ഒന്നാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും സ്ഥിതി പരിതാപകരമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇത്തരം കണക്കുകള്‍ നിരത്തി എസ്ഡിപിഐ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരവധി പരാതികള്‍ നല്‍കിയിട്ടും പരിഹാരമായില്ല. പഞ്ചാബില്‍ അടുത്തിടെ ഒരു പുതിയ ജില്ല ഇത്തരത്തില്‍ രൂപീകരിച്ചത് വികസനലക്ഷൃം മുന്നില്‍ കണ്ടാണ്. ഈ വിഷയത്തില്‍ വീണ്ടും ശക്തമായി ഇടപെടാന്‍ എസ്ഡിപിഐ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് നിവേദനം നല്‍കുന്നത്.

എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ്, വൈസ് പ്രസിഡന്റ് വി ടി ഇഖ്‌റാമുല്‍ ഹഖ്, ജനറല്‍ സിക്രട്ടറി എ കെഅബ്ദുല്‍ മജീദ് മാസ്റ്റര്‍ എന്നിവരാണ് നിവേദനസംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News