നിരപരാധിയെ ലഹരിക്കേസില്‍ കുടുക്കി; പോലിസുകാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി

Update: 2025-10-28 10:13 GMT

ചെന്നൈ: നിരപരാധിയെ ലഹരിക്കേസില്‍ കുടുക്കിയ പോലിസുകാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നീതിയുക്തമായ അന്വേഷണവും വിചാരണയും പ്രതിയുടെ മൗലികാവകാശമാണെന്നും കേസിന്റെ യഥാര്‍ഥ വസ്തുതകള്‍ ഉദ്യോഗസ്ഥര്‍ ഹാജരാക്കണമെന്നും കോടതി ആവര്‍ത്തിച്ചു. അതിനാല്‍, ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വതന്ത്ര അന്വേഷണം നടത്താന്‍ കോടതി ഡിജിപിയോട് നിര്‍ദേശിച്ചു.

2021 ജൂണ്‍ 26നു മധുരൈ സിറ്റിയിലെ തിദീര്‍നഗര്‍ പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതിയുടെ പരിഗണനക്ക് വന്നത്. 24 കിലോഗ്രാം ലഹരിവസ്തുക്കള്‍ പിടിച്ചെന്ന കേസില്‍ ഒന്നാം പ്രതി കുറ്റസമ്മതം നടത്തിയെന്നും എ വിഗ്നേഷ് എന്നയാളെ കുറിച്ച് മൊഴി നല്‍കിയെന്നും പോലിസ് ആരോപിച്ചു. തുടര്‍ന്ന് വിഗ്നേഷിനെയും പോലിസ് പ്രതിയാക്കി.

എന്നാല്‍, ഒരു കുറ്റവാളിയുടെ കുറ്റസമ്മത മൊഴിയല്ലാതെ തനിക്കെതിരേ മറ്റൊരു തെളിവുകളുമില്ലെന്ന് വിഗ്നേഷ് ഹൈക്കോടതിയില്‍ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. വിഗ്നേഷില്‍ നിന്നും ലഹരിവസ്തുക്കളൊന്നും പിടിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ മഹസര്‍ രേഖകളില്‍ വിഗ്നേഷിനെ കൊണ്ട് ഒപ്പുവച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അതിനാലാണ് വിഗ്നേഷിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന വിലയിരുത്തലില്‍ കോടതി എത്തിയത്. തുടര്‍ന്ന് കേസ് റദ്ദാക്കുകയും പോലിസ് ഉദ്യോഗസ്ഥര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു.

Tags: